നെടുമങ്ങാട് :വഴയില - പഴകുറ്റി നാലുവരിപ്പാത നിർമ്മാണത്തിന്റെ ഭാഗമായി സത്രംമുക്ക് - കച്ചേരിനട - ചന്തമുക്ക് -ആശുപത്രി ജംഗ്‌ഷൻ റോഡിലെ സ്ഥലമെടുപ്പ് സംബന്ധിച്ച് കച്ചവടക്കാർ ഉയർത്തിയ പരാതി വിലയിരുത്താൻ വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമിതിയംഗം കെ.ആൻസലൻ എം.എൽ.എ സ്ഥലം സന്ദർശിച്ചു. റോഡിന്റെ ഒരുഭാഗത്ത് നിന്നുമാത്രം സ്ഥലമെടുക്കുന്നതാണ് കച്ചവടക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കരാറുകാർ സ്ഥാപിച്ച അടയാളക്കല്ലുകളുടെ സ്ഥാനo പുന:പരിശോധിക്കേണ്ടതിന്റെ ആവശ്യകത പൊതുമരാമത്ത് മന്ത്രിയെ ധരിപ്പിക്കുമെന്ന് ആൻസലൻ എംഎൽ.എ പറഞ്ഞു.22 മീറ്റർ വീതി നിശ്ചയിച്ച് ആരംഭിച്ച അളവെടുപ്പും കല്ലിടലും കരാറുകാരുടെ തന്നിഷ്ടം പോലെ തീർപ്പാക്കിയെന്ന പരാതി സംബന്ധിച്ച് അടുത്തിടെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ബാബുജാൻ,ജില്ലാ പ്രസിഡന്റ് എൻ.സുധീന്ദ്രൻ,നെടുമങ്ങാട് ഏരിയ സെക്രട്ടറി അനിൽ കരിപ്പൂരാൻ,പ്രസിഡന്റ് പുലിപ്പാറ വിജയൻ, അജയൻ അമൃത എന്നിവരും ഒപ്പമുണ്ടായിരുന്നു.നാലുവരിപാതയ്ക്കായി സ്ഥാപിച്ച അടയാളക്കല്ലുകളുടെ സ്ഥാനo പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള നെടുമങ്ങാട്ടെ വ്യാപാരികളുടെ നിവേദനം ഏരിയ സെക്രട്ടറി അനിൽ കരിപ്പൂരാൻ കെ.ആൻസലൻ എം.എൽ.എയ്ക്ക് കൈമാറി.