corona

ആറ്റിങ്ങൽ: തച്ചൂർക്കുന്ന് വാർഡിലെ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേശവദാസപുരത്തെ മെഡിക്കൽ സ്റ്റോർ ജീവനക്കാരനായ യുവാവിനാണ് രോഗം കണ്ടെത്തിയത്. ഇയാളുടെ സഹപ്രവർത്തകന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവിഭാഗത്തിന്റെ നിർദ്ദേശപ്രകാരം ഇയാളും കുടുംബവും ഹോം ക്വാറന്റൈനിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മുതൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇയാളെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ആന്റിജൻ ടെസ്റ്റിന് വിധേയനാക്കിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻജോസ് വിവരം അറിയിച്ചതിനെ തുടർന്ന് നഗരസഭാ ചെയർമാൻ എം. പ്രദീപിന്റെ നേതൃത്വത്തിൽ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ വീടും പരിസരവും അണുവിമുക്തമാക്കി. പ്രൈമറി കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സ്രവ പരിശോധനയ്ക്കുള്ള നടപടികളും പൂർത്തിയാക്കി. രോഗം സ്ഥിരീകരിച്ച യുവാവും പിതാവും സന്ദർശിച്ച സ്ഥാപനങ്ങളും കടകളും നഗരസഭാ ആരോഗ്യ വിഭാഗം അണുവിമുക്‌തമാക്കി. ഇയാളുടെ ഹെൽമെറ്റ് വാങ്ങി ഉപയോഗിച്ച അയൽവാസിയായ യുവാവിനെയും ആരോഗ്യവിഭാഗം ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർ ജാഗ്രത പുലർത്തണമെന്ന് ചെയർമാൻ പറഞ്ഞു. വാർഡ് കൗൺസിലർ എം.കെ. സുരേഷ്, ജെ.എച്ച്.ഐമാരായ ജി.എസ്. മഞ്ചു, ഷെൻസി, ജയൻ, വിനോദ്, ആശാ വർക്കർ തുളസി തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രദേശത്ത് ബോധവത്കരണം നടത്തി.