നെയ്യാറ്റിൻകര : രണ്ടര പതിറ്റാണ്ട് മുമ്പ് ഒരുമിച്ച് പഠിച്ച അവർ മാരായമുട്ടം സ്കൂൾ അങ്കണത്തിൽ വീണ്ടും ഒത്തുകൂടിയത് സഹപാഠിയുടെ മകന് ഓൺലൈൻ പഠനത്തിന് ടി.വി നൽകാനായി. സഹപാഠിയുടെ മകൻ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന വിവരം മാരായമുട്ടം സ്കൂൾ ഹെഡ്മാസ്റ്റർ എസ്.മധുസൂദനൻ നായർ മുഖേനയാണ് കെ.പി.ദീപയും നിഷ.കെ.നായരും എൻ.എസ്.വിനോദും അറിഞ്ഞത്.മാരായമുട്ടം ട്രാൻസ്പോർട്ട് കൂട്ടം എന്ന വാട്സാപ്പ് കൂട്ടായ്മയാണ് കുട്ടിയുടെ പഠന ബുദ്ധിമുട്ട് പുറംലോകത്തെ അറിയിച്ചത്. ട്രാൻസ്പോർട്ടിലെ സംഘടനാ നേതാവും മുൻ എം.എൽ.എയുമായ വി.ശിവൻകുട്ടി വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ സ്കൂൾ അധികൃതരെ ഫോണിൽ ബന്ധപ്പെട്ട് സഹായം ഉറപ്പ് നൽകി. തുടർന്ന് സി.ഐ.ടി.യു.ദേശീയ കൗൺസിലംഗം വി. കേശവൻകുട്ടി മുഖേന അദ്ദേഹം ടെലിവിഷൻ എത്തിച്ചു. അന്താരാഷ്ട്ര സൗഹൃദ ദിനത്തിൽ ട്രാൻസ്പോർട്ട് കൂട്ടായ്മയിലെ സുഹൃത്തുക്കളും വി.കേശവൻകുട്ടിയും ചേർന്ന് ടി.വി.സ്കൂൾ ഹെഡ്മാസ്റ്റർ മധുസൂദനൻ നായർ, പി.ടി.എ.പ്രസിഡൻ്റ് വടകര ഉണ്ണി എന്നിവർക്ക് ടി.വി കൈമാറി. കെ.എസ്.ആർ.ടി.സി.കൺട്രോളിംഗ് ഇൻസ്പെക്ടർ എസ്.സുശീലൻ, ചാർജ് മാൻ എസ്.ബിജു,മെക്കാനിക് ജി. ജിജോ, ഡ്രൈവർ എസ്.എസ്.സാബു എന്നിവരും സ്ഥലവാസികളായ ഇ.തങ്കരാജ്, രാജൻ എന്നിവരും പങ്കെടുത്തു.