ddd

നെയ്യാറ്റിൻകര : കൊവിഡ് രോഗ വ്യാപനം രൂക്ഷമായിരിക്കെ നെയ്യാറ്റിൻകര ജില്ല ആശുപത്രിയുടെ പ്രവേശനകവാടത്തിനും വെയിറ്റിംഗ് ഷെഡിനും മുൻപിൽ നഗരസഭ കുന്നുകൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യം മാറ്റുന്നില്ലെന്ന് പരാതി. കഴിഞ്ഞ കുറെ നാളുകളായി ഇവിടെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നഗരസഭയിലെ കണ്ടിജൻസി ജീവനക്കാർ വാഹനത്തിൽ കൊണ്ടു വന്ന് തള്ളിയിട്ട് പോയിരിക്കുകയാണ്.ഈ മതിൽക്കെട്ടിന് തൊട്ടുമുകളിലായാണ് ആശുപത്രിയിലെത്തുന്ന രോഗികളുടെ കൂട്ടിരുപ്പുകാർക്ക് വിശ്രമിക്കുവാനും അവരുടെ മക്കൾക്ക് കളിക്കുവാനുമായി പാർക്ക് ഒരുക്കിയിട്ടുള്ളത്. ആശുപത്രിക്ക് മുൻപിലെ വെയിറ്റിംഗ് ഷെഡിൽ വൃദ്ധയായ ഒരു സ്ത്രീ രാത്രി വന്ന് കിടക്കുമായിരുന്നു. ഇവരുടെ വീട്ടിലും ഇതേ പോലെ നഗരസഭാ അധികൃതർ പ്ലാസ്റ്റിക്ക് വൻ തോതിൽ ചാക്കിൽ കെട്ടി കൂട്ടിയിട്ടിരിക്കുന്നതായും നാട്ടുകാർ പറയുന്നു. പ്ലാസ്റ്റിക്ക് ടൗണിൽ നിന്നും നീക്കം ചെയ്യുവാനായി പുതുതായി കണ്ടിജൻസി ജീവനക്കാരെ നിയമിച്ചുവെങ്കിലും ഇതേ വരെ പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്തിട്ടില്ല.