തിരുവനന്തപുരം: കാലവർഷത്തിന്റെ രണ്ടാം പകുതി അടുത്തയാഴ്ചയോടെ ശക്തി പ്രാപിക്കും. ഈമാസം നാലോടുകൂടി ബംഗാൾ ഉൾകടലിന്റെ മുകളിൽ ന്യൂനമർദ്ധം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ അടുത്തയാഴ്ച കാലവർഷം കനക്കുമെന്നാണ് കാലവസ്ഥ വിദ്ധഗ്ദർ ചൂണ്ടിക്കാട്ടുന്നത്
എന്നാൽ കഴിഞ്ഞ വർഷത്തേപ്പോലെ പ്രളയത്തിനു കാരണമായത്രയും തീവ്രതയിലുള്ള മഴയ്ക്ക് സാധ്യതയില്ല.രൂപപ്പെടാൻ സാധ്യതയുള്ള ന്യൂനമർദ്ധം സാധാരണ ഗതിയിൽ കാലവർഷത്തിലുണ്ടാകാറുള്ളതാണ്. ഇത് അതിശക്തി പ്രാപിക്കില്ല. എന്നാൽ ഇതിന് ശേഷവും പസഫിക്ക് സമുദ്രത്തിൽ നിന്ന് വേറൊരു ന്യൂനമർദ്ധ സാധ്യതയും കാണുന്നുണ്ട്. അത് ശക്തി പ്രാപിക്കുമൊയെന്ന് ഇപ്പോൾ പ്രവചിക്കാൻ സാധിക്കില്ല.
4 ദിവസം മുമ്പ് ബംഗാൾ ഉൾക്കടലിൽ ഉണ്ടായ അന്തരീക്ഷ ചുഴിയുടെ പശ്ചാത്തലത്തിലാണ് ഇപ്പോൾ സംസ്ഥാനത്ത് നല്ല മഴ ലഭിക്കുന്നത്.
ജാഗ്രത
അടുത്ത രണ്ട് ദിവസങ്ങളിൽ എറണാകുളം,ഇടുക്കി,വയനാട്,കോഴിക്കോട് എന്നിവിടങ്ങളിൽ ശക്തിയായ മഴയായിരിക്കും. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ മലയോര പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണം.ഇന്നും നാളെയും പൊഴിയൂർ മുതൽ കാസർകോഡ് വരെയുള്ള കേരള തീരത്ത് 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്ക് സാധ്യതയുണ്ട്.
ശക്തമായ കാറ്ര്
കേരളം,കർണാടക, ലക്ഷദ്വീപ്, മാലിദ്വീപ് എന്നിവിടങ്ങളിൽ നാളെ മുതൽ 4 വരെ മണിക്കൂറിൽ 40 മുതൽ 50 കി.മി വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
യെല്ലോ അലർട്ട്
ഇന്നും നാളെയും: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,കാസർകോഡ്
നാളെ മാത്രം: വയനാട്