തിരുവനന്തപുരം: തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട്, 'രാഷ്ട്രീയ അടവുനയം' മുൻകൂട്ടി പയറ്റാനൊരുങ്ങി സി.പി.എം നേതൃത്വം. പാർട്ടി മുഖപത്രത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എഴുതിയ 'രാമന്റെ നിറം കാവിയല്ല' എന്ന ലേഖനം ഇതിന്റെ ദിശാസൂചകമായി.
ആർ.എസ്.എസ് ബന്ധമാരോപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ കടന്നാക്രമിക്കുന്ന ലേഖനത്തിൽ, രാമക്ഷേത്രവും മുത്തലാഖ് ബില്ലും പൗരത്വഭേദഗതി ബില്ലും ഓർമ്മിപ്പിച്ച് മതന്യൂനപക്ഷങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു..മുസ്ലീം ലീഗ് അണികളിൽ ആശയക്കുഴപ്പം വിതയ്ക്കലും, മതന്യൂനപക്ഷങ്ങളെ ആകർഷിക്കലുമാണ് ലക്ഷ്യം.ജമാ അത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും അടക്കമുള്ള തീവ്രസംഘടനകളുമായി യു.ഡി.എഫ് പിന്തുണയോടെ ലീഗ് നേതൃത്വം ബാന്ധവത്തിന് ശ്രമിക്കുന്നുവെന്ന ആരോപണം സി.പി.എം ഉയർത്തുന്നു. തുർക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കിയതിനെ ലീഗ് നേതാവ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ ന്യായീകരിച്ചത് തീവ്രനിലപാടായി വ്യാഖ്യാനിക്കുന്നതിലൂടെ, ക്രൈസ്തവ ന്യൂനപക്ഷങ്ങളെയും സി.പി.എം ലക്ഷ്യമിടുന്നു.
ആഗസ്റ്റ് അഞ്ചിന് രാമക്ഷേത്രത്തിന് അയോദ്ധ്യയിൽ പ്രധാനമന്ത്രി മോദി തറക്കല്ലിടുന്നത് രാമനെ കാവിയിൽ മുക്കി ഹിന്ദുത്വകാർഡ് കളിക്കാനുള്ള സംഘപരിവാറിന്റെ ജേഴ്സി അണിയലാണെന്നാണ് കോടിയേരിയുടെ ആരോപണം. കൊവിഡിനെ പിടിച്ചുകെട്ടാൻ സംസ്ഥാന സർക്കാരുകളെ സഹായിക്കുന്നതിലും രാജ്യത്തെ ജനകോടികളുടെ ഉപജീവന പ്രതിസന്ധിയെ അതിജീവിക്കുന്നതിലുമുള്ള കേന്ദ്ര സർക്കാരിന്റെ പരാജയം മൂടിവയ്ക്കാനാണിതെന്നും ആരോപിക്കുന്നു.
. ബാബ്റി പള്ളി തകർത്തിടത്ത് അമ്പലം പണിയുന്നത് ദേശീയാഘോഷമാക്കാൻ തിരഞ്ഞെടുത്ത ആഗസ്റ്റ് അഞ്ചിനാണ് കഴിഞ്ഞവർഷം ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത്. പിന്നീട് മുസ്ലിം വിവാഹമോചനം മാത്രം ക്രിമിനൽ കുറ്റമാക്കുന്ന മുത്തലാഖ് ബില്ലും മുസ്ലിം അഭയാർത്ഥികളെ തടങ്കൽ പാളയത്തിലാക്കുന്ന പൗരത്വഭേദഗതി നിയമവും വന്നു. പൗരത്വഭേദഗതിക്കെതിരായ പ്രക്ഷോഭം മറ്റൊരു സ്വാതന്ത്ര്യസമരത്തിന്റെ പ്രതീതി ജനിപ്പിച്ചു. അയോദ്ധ്യ, മുത്തലാഖ്, പൗരത്വഭേദഗതി വിഷയങ്ങളിലെല്ലാം കൈപ്പത്തിയെ താമരയേക്കാൾ പ്രിയങ്കരമാക്കാനുള്ള മൃദുഹിന്ദുത്വ കാർഡാണ് കോൺഗ്രസ് ഇറക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തുന്നു.
ജനശ്രദ്ധ തിരിക്കാൻ വൃഥാ
ശ്രമമെന്ന് കോൺഗസ്
കോടിയേരിയുടേത് സ്വർണ്ണക്കടത്തുൾപ്പെടെയുള്ള വിവാദങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള വൃഥാശ്രമമെന്നാണ് കോൺഗ്രസിന്റെ തിരിച്ചടി.
തീവ്ര മതാധിഷ്ഠിത സംഘടനകളുമായി ഒളിഞ്ഞും തെളിഞ്ഞും രഹസ്യ ബാന്ധവത്തിലേർപ്പെട്ട സി.പി.എമ്മിന്റേത് അവസരവാദ രാഷ്ട്രീയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. തിരഞ്ഞെടുപ്പടുക്കുന്നതോടെ ഇതേച്ചൊല്ലിയുള്ള രാഷ്ട്രീയപ്പോര് മുറുകും.