കോവളം: പ്രതികൂല കാലാവസ്ഥയെ തുടർന്ന് മുടങ്ങിയ വിഴിഞ്ഞത്തെ ക്രൂചെയ്ഞ്ചിംഗ് ഇന്ന് പുനരാരംഭിക്കും. രാവിലെ 6 നും 10 നുമിടയിൽ സൂപ്പർ ടാങ്കർ വിഭാഗത്തിലുള്ള മൂന്ന് കപ്പലുകളാണ് പുറംകടലിൽ എത്തുക. ഇന്ധനവുമായി അന്താരാഷ്ട്ര കപ്പൽ ചാൽ വഴി സിംഗപ്പൂരിലേക്കും മലേഷ്യയിലേക്കും പോകുന്ന എസ്.ടി.ഐ ലോറിൻ, ജെ.യു.ബി സഫയർ, നേവ് ഫോട്ടോൺ എന്നീ കപ്പലുകളാണ് ജീവനക്കാരെ കരയിലിറക്കുന്നതിനും കയറ്റുന്നതിനുമായി ഇവിടെയെത്തുന്നത്. 16 പേർ സൈൻ ഓഫ് ചെയ്യുമ്പോൾ 15 പേർ ഇവിടെ നിന്നും സൈൻ ഓൺ ചെയ്യും. അന്താരാഷ്ട്ര തലത്തിൽ ക്രൂചെയ്‌ഞ്ച് ചെയ്യാനാകാതെ നാവികർ തുറമുഖങ്ങൾ തോറും അലയുമ്പോഴാണ് വിഴിഞ്ഞം പോർട്ട് ആശ്വാസമായത്. മാർച്ച് 23ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതു മുതൽ ഇതുവരെ നാല് കപ്പലുകളിൽ നിന്നായി 75 ഓളം ഇന്ത്യൻ നാവികരാണ് വിഴിഞ്ഞം തുറമുഖം വഴി ക്രൂചെയ്‌ഞ്ച് നടത്തിയത്. കൊച്ചി തുറമുഖം കഴിഞ്ഞാൽ കേരളത്തിൽ നാവികരുടെ ക്രൂചെയ്ഞ്ച് നടക്കുന്ന ഏക തുറമുഖം വിഴിഞ്ഞമാണ്.