തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകൾ തേജസ്വിനിയുടെയും മരണത്തിനിടയാക്കിയ കാറപകടം സംബന്ധിച്ച അന്വേഷണത്തിന് തിങ്കളാഴ്ച തുടക്കം കുറിക്കുന്ന സി.ബി.ഐ ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കലാഭവൻ സോബിയുടെ വെളിപ്പെടുത്തലിൽ.നയതന്ത്ര ചാനൽ സ്വർണക്കടത്ത് കേസിലെ ഒന്നാംപ്രതി സരിത്തിനെ ബാലഭാസ്കറിന്റെ കാറിന് സമീപം കണ്ടുവെന്ന് വെളിപ്പെടുത്തിയ സോബിയുടെ മൊഴി രേഖപ്പെടുത്തും.സോബിയുടെ മുൻ വെളിപ്പെടുത്തലുകളും പരിശോധിക്കും.ബാലുവിന്റെ മാനേജർമാരും പ്രോഗ്രാം കോ-ഓർഡിനേറ്റർമാരുമായ പ്രകാശൻതമ്പി, വിഷ്‌ണു സോമസുന്ദരം, സൗണ്ട് റെക്കോഡിസ്റ്റ് അബ്ദുൾ ജബ്ബാർ എന്നിവർ സ്വർണക്കടത്തിൽ പ്രതികളായതോടെയാണ് കാറപകടത്തിലെ ദുരൂഹത വർദ്ധിച്ചത്. രാത്രിയിലെ കാഴ്ചക്കുറവും ദിശമാറലും സംഭവിക്കാമെങ്കിലുംറോഡിൽനിന്നിറങ്ങി കാർ ഓടുമ്പോൾ ഡ്രൈവർ ഉണർന്ന് ബ്രേക്കിടേണ്ടതാണ്. ഇതും ദൃക്സാക്ഷി മൊഴിയും പരിശോധിച്ച് അപകടത്തിന്റെ കാരണം ശാസ്ത്രീയമായി കണ്ടെത്താനാണ് സി.ബി.ഐ ശ്രമം.
കാറോടിച്ചിരുന്നത് ഡ്രൈവർ അർജുനാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. അപകടത്തിനു തൊട്ടുമുൻപ് ബാലഭാസ്‌കർ എവിടെ എത്തിയെന്നറിയാൻ ഫോൺ കോളുകൾ വന്നിരുന്നതായും അപകടശേഷം കാറിന്റെ മുൻവശത്തെ രക്തപ്പാടുകൾ ആരോ തുടച്ചു മാറ്റിയതായും മൊഴികളുണ്ടായിരുന്നു. കൊല്ലത്തുവച്ച് ബാലുവും അർജുനും ജ്യൂസ് കുടിച്ച കടയിലെ സി.സി.ടി.വി ദൃശ്യങ്ങളും ഹാർഡ് ഡിസ്കും പ്രകാശൻതമ്പി കൈക്കലാക്കിയതിലും കാറിലുണ്ടായിരുന്ന 44പവൻ സ്വർണവും രണ്ടുലക്ഷം രൂപയും മാനേജർ എന്ന നിലയിൽ മംഗലപുരം പൊലീസ് സ്റ്റേഷനിൽ നിന്ന് പ്രകാശൻ ശേഖരിച്ചതിലും സി.ബി. ഐ ദുരൂഹത കാണുന്നു.
സ്വർണക്കടത്ത് ബന്ധം:
സി.ബി.ഐ ആദ്യം ഉഴപ്പി
കസ്റ്റംസ് സൂപ്രണ്ട് ബി.രാധാകൃഷ്‌ണന്റെ ഒത്താശയിലുള്ള സ്വർണക്കടത്ത് കേസ് ഏറ്റെടുത്ത കൊച്ചി സി.ബി.ഐ സംഘം അന്വേഷണം ഉഴപ്പി. രാധാകൃഷ്‌ണനെ ഒന്നാംപ്രതിയാക്കി തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ എഫ്.ഐ.ആർ നൽകിയതിനു പിന്നാലെ മൂന്ന് പ്രതികളുടെ വീടുകളിൽ റെയ്ഡ് നടത്തി. പിന്നെ ഒരന്വേഷണവും ഉണ്ടായില്ല.
വിവാദ കേസുകൾ
അന്വേഷിച്ച എസ്.പി
കോളിളക്കമുണ്ടാക്കിയ പല കേസുകളും അന്വേഷിച്ച എസ്.പി നന്ദകുമാർ നായരുടെ മേൽനോട്ടത്തിലാണ് ഡിവൈ.എസ്.പി ടി.പി.അനന്തകൃഷ്‌ണൻ ഈ കേസ് അന്വേഷിക്കുന്നത്.അഭയ, വാളകം, മലബാർ സിമന്റ്സ്, കവിയൂർ, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയിലുള്ള കള്ളക്കടത്ത് കേസുകൾ എന്നിവ അന്വേഷിച്ച നന്ദകുമാർ നായർരാജീവ്ഗാന്ധി വധം അന്വേഷിച്ച സംഘത്തിലും ഉണ്ടായിരുന്നു.