കോവളം: കോവളം മണ്ഡലത്തിലെ പൊതുസ്ഥലങ്ങളും സർക്കാർ സ്ഥാപനങ്ങളും അണുവിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എം.വിൻസെന്റ് എം.എൽ.എയുടെ നേതൃത്വത്തിൽ ഊർജിതമാക്കി. രൂക്ഷമായ കോവളം മണ്ഡലത്തിലെ പ്രദേശങ്ങൾ അണുമുക്തമാക്കാൻ 24 അണുനശീകരണ സ്‌പ്രേയറുകൾ വിതരണം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് സ്‌പ്രേയറുകൾ വാങ്ങി നൽകിയത്. വിഴിഞ്ഞം കോർപറേഷൻ സോണൽ ഓഫീസിൽ നടന്ന ചടങ്ങിൽ സ്‌പ്രേയറുകളുടെ വിതരണോദ്ഘാടനം എം.എൽ.എ നിർവഹിച്ചു. തദ്ദേശസ്ഥാപനങ്ങളുടെയും നഗരസഭാ പ്രതിനിധികളുടെയും സഹകരണത്തോടെയാണ് അണുനശീകരണം നടത്തിയത്. ബ്രേക്ക് ദ ചെയിൻ കാമ്പെയിനിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങൾ പ്രയോജനപ്പെടുത്തി കൈകൾ ശുചീകരിക്കാനും ആരോഗ്യവകുപ്പ് നൽകിയിട്ടുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്ന് എം.എൽ.എ നിർദ്ദേശിച്ചു.സോണൽ ഹെൽത്ത് ഇൻസ്‌പെക്ടർ ബി.പി. ബിജു, ഹെൽത്ത് സൂപ്പർ വൈസർമാരായ മഹേഷ്, ജേക്കബ്, ജയപ്രസാദ്,ഉണ്ണിക്കൃഷ്ണൻ എന്നിവർ ആരോഗ്യ കേന്ദ്രങ്ങൾക്ക് വേണ്ടി സ്‌പ്രേയറുകൾ ഏറ്റുവാങ്ങി. നഗരസഭ കൗൺസിലർമാരായ സി.ഓമന, നിസാബീവി, കോട്ടുകാൽ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് പുന്നക്കുളം ബിനു,വിഴിഞ്ഞം മണ്ഡലം പ്രസിഡന്റ് മുജീബ് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.