dde

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൽ ജീവിതത്തിന്റെ ഇഴപൊട്ടി തുണിമിൽ ജീവനക്കാർ. ലോക്ക് ഡൗൺ ആരംഭിച്ചപ്പോൾ കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന് കീഴിലുള്ള വിജയമോഹിനി മിൽ അടച്ചിട്ടതാണ്. ഇനി എന്ന് തുറക്കുമെന്ന് ഒരറിവും ഇല്ല. മില്ലുകളുടെ പ്രവർത്തനം സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ ദേശീയ ടെക്സ്റ്റൈൽസ് കോർപറേഷൻ നൽകിയിട്ടില്ലാത്തതിനാൽ ജീവനക്കാർ ആശങ്കയിലാണ്. നിയന്ത്രണങ്ങളോടെ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികൃതരെ സമീപിച്ചിട്ടും തീരുമാനമില്ല. പ്രധാനമായും നൂൽ നിർമാണം നടക്കുന്ന ഇവിടെ ലോഡ് കണക്കിന് നൂൽ കെട്ടിക്കിടക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് മുംബയ് ആസ്ഥാനമായ തുണി വ്യവസായം സ്‌തംഭിച്ചതിനാലാണ് പ്രവർത്തനം പുനരാരംഭിക്കാത്തതെന്നാണ് യൂണിറ്റ് അധികൃതർ പറയുന്നത്. ലോക്ക് ഡൗൺ ആരംഭിച്ചപ്പോൾ ജീവനക്കാരുടെ ശമ്പളവും വെട്ടിക്കുറച്ചു. മാർച്ചിൽ ശമ്പളത്തിന്റെ 75 ശതമാനമാണ് നൽകിയത്. ഏപ്രിലിൽ 60 ശതമാനം നൽകിയപ്പോൾ മേയിൽ ഇത് 40 ശതമാനമായി. ജൂണിലെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. 20 കോടിയോളം രൂപ ചെലവഴിച്ച് മിൽ ആധുനികവത്കരിച്ചിട്ട് അധികം നാളായിട്ടില്ല. അനിശ്ചിതകാലമായി അടച്ചിടുമ്പോൾ പുതിയ മെഷീനുകൾ കേടായിപ്പോകുമെന്ന ആശങ്കയുമുണ്ട്. മില്ല് തുറക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം ആരംഭിക്കാനിരിക്കെയാണ് നഗരത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

വിജയമോഹിനി മിൽ

------------------------------------

 215 ഓളം സ്ഥിരം ജീവനക്കാർ

 200ലധികം താത്കാലിക ജീവനക്കാർ

 20 കോടിയുടെ ആധുനികവത്കരണം നടന്നത് അടുത്തിടെ

ദേശീയ ടെക്സ്റ്റൈൽസ് കോർപറേഷന്റെ

കീഴിൽ പ്രവർത്തിക്കുന്നത്

-------------------------------------------

 വിജയമോഹിനി മിൽ

 തൃശൂർ ലക്ഷ്‌മി മിൽസ്

തൃശൂർ അളഗപ്പ ടെക്സ്റ്റൈൽസ്

 സി.എസ് ആൻഡ് ഡബ്ല്യു മിൽസ് മാഹി,

 സി.എസ് ആൻഡ് ഡബ്ല്യു മിൽസ്, കണ്ണൂർ

പ്രധാനപ്രശ്‌നങ്ങൾ

------------------------------

 മില്ല് അടച്ചിട്ടിട്ട് നാലുമാസമായി

 നൂലുകൾ കെട്ടിക്കിടക്കുന്നു

 യന്ത്രങ്ങൾ നശിക്കുമെന്ന് ആശങ്ക

 ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു

 പ്രവർത്തനം തുടങ്ങുന്നതിൽ വ്യക്തതയില്ല

'' സംസ്ഥാന സർക്കാർ നൽകിയ 1000 രൂപ ധനസഹായം മാത്രമാണ് ഇക്കാലയളവിൽ ലഭിച്ചത്. കേന്ദ്രത്തിൽ നിന്ന് ഒരു ആനുകൂല്യവും ലഭിച്ചില്ല. പലരും താത്കാലികമായി മറ്റ് പല ജോലികൾക്കും പോയാണ് കുടുംബം പുലർത്തുന്നത്.

- ആന്റണി .എം.ടി, തൊഴിലാളി നേതാവ്