തിരുവനന്തപുരം: ആറ്റിപ്ര ചെങ്കൊടിക്കാട്ട് 10 പട്ടികജാതി കുടുംബങ്ങളെ കുടിയിറക്കിയ പൊലീസ് നടപടി കാടത്തവും ദളിത് വിരുദ്ധവുമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സി.പി.എം നേതാക്കളുടെയും അറിവോടെയാണ് ദളിത് വേട്ട നടന്നതെന്ന് സുധീർ ആരോപിച്ചു. കോടതിയുടെ സ്റ്റേ ഉത്തരവ് നിലനിൽക്കെയാണ് ഇവരെ കുടിയിറക്കിയത്. കൊവിഡ് സമയത്ത് ജപ്‌തി ഉൾപ്പെടെയുള്ള ഒരു നിയമ നടപടികളും പാടില്ലെന്ന സർക്കാർ നിർദ്ദേശവും കോടതി ഉത്തരവും ലംഘിച്ചാണ് സർക്കാരും പൊലീസും ക്രൂരത കാട്ടിയത്. 17ന് സ്റ്റേ ഉത്തരവിന്റെ കാലാവധി കഴിഞ്ഞെന്ന് പറഞ്ഞ് 29ന് രാവിലെ 5നാണ് ഈ കൂടുംബങ്ങളെ അറസ്റ്റുചെയ്‌ത് സ്റ്രേഷനിലെത്തിച്ച ശേഷം വീടുകൾ ഇടിച്ചുനിരത്തിയത്. സ്വന്തം ഭൂമി പട്ടികജാതി കുടുംബങ്ങൾക്ക് തിരിച്ചുനൽകാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് ബി.ജെ.പി നേതൃത്വം നൽകുമെന്ന് പി. സുധീർ മുന്നറിയിപ്പ് നൽകി.