തിരുവനന്തപുരം: നിലവിളികളോടെ മകനെയും കാത്തിരിക്കുയാണ് ഒരമ്മ. മുംബയിലെ മർച്ചന്റ് നേവി കപ്പൽ ജീവനക്കാരനായ പാപ്പനംകോട് സ്വദേശി എബി ചന്ദ്രനെ (30) ദക്ഷിണാഫ്രിക്കയിൽ കടലിൽ വീണ് കാണാതായിട്ട് ഇന്നേക്ക് 10 ദിവസമാകുന്നു. മകൻ വരുമെന്ന് ശുഭ പ്രതീക്ഷയിലാണ് ഈ കുടുംബം.കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് എബിയെ കടലിൽ കാണാതായ വിവരം കമ്പനി അധികൃതർ വീട്ടുകാരെ അറിയിച്ചത്. പാപ്പനംകോട് സത്യൻ നഗർ ടിന്റു ഭവനിൽ രാമചന്ദ്രന്റെയും പ്രസന്നയുടെയും മകനായ എബി ഒന്നര വർഷം മുമ്പാണ് മുംബയിലെ ബേലാപ്പൂർ സാൽസ് ഷിപ്പിംഗ് കമ്പനിയിൽ ജോലിക്കു ചേർന്നത്. കഴിഞ്ഞ മാർച്ചിലാണ് വിശാഖപട്ടണത്തു നിന്ന് ചരക്കുകപ്പലിൽ യാത്ര തുടങ്ങിയത്. ഈ കപ്പലിലെ സീമാൻ ആയിരുന്നു എബി. ദക്ഷിണാഫ്രിക്കയ്ക്കും മൗറീഷ്യസിനും ഇടയ്ക്കുള്ള സ്ഥലത്ത് കടൽക്ഷോഭത്തെ തുടർന്ന് കപ്പൽ നങ്കൂരമിട്ടിരുന്നു. ഇതിനിടെ കപ്പൽ തകരാറിലായെന്നും അത് പരിഹരിക്കാൻ ശ്രമിക്കുന്നിനിടെ എബി കടലിൽ വീണെന്നുമാണ് കമ്പനി അധികൃതർ അറിയിച്ചത്.എന്നാൽ അപകടത്തെ പറ്റിയുള്ള കൃത്യ വിവരം നൽകാൻ പോലും കമ്പനി അധികൃതർ തയ്യാറായിട്ടില്ലെന്നാണ് എബിയുടെ കുടുംബം പറയുന്നത്. കമ്പനിയിലെ അധികൃതർ ഓരോ സമയവും പറയുന്ന മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും
കുടുംബം ചൂണ്ടിക്കാട്ടി. അപകട സമയത്ത് എബി ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നാണ് കമ്പനി അധികൃതർ പറഞ്ഞത്. എന്നാൽ പിന്നീട് അവർ തിരുത്തി ജാക്കറ്റ് ധരിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ആദ്യം രണ്ടു പേരാണ് അപകടത്തിൽ പെട്ടതെന്നും പിന്നീട് ഒരാൾ മാത്രമേ അപകടത്തിൽ പെട്ടുള്ളൂവെന്നും കമ്പനി തിരുത്തിപ്പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് കമ്പനിയുടെ സമീപനത്തോട് കുടുംബത്തിന് സംശയം ഉയർന്നത്. കമ്പിനിയുടെ ഈ സമീപനത്തിൽ ദൂരുഹതയുണ്ടെന്നും കുടുംബം ആരോപിക്കുന്നുണ്ട്. കാണാതായതിന്റെ തലേദിവസവും എബി വീട്ടിൽ വിളിച്ച് കടൽക്ഷോഭത്തെ തുടർന്ന് കപ്പൽ ഒരും സ്ഥലത്ത് നങ്ങൂരമിട്ടിരിക്കുകയാണെന്നു പറഞ്ഞു. ഡബിൾ ഡ്യൂട്ടിയാണെന്നും വിശ്രമത്തിന് സമയമില്ലെന്നും ജോലിഭാരം കൂടുതലാണെന്നും ഫോൺ വിളിച്ചപ്പോൾ പറഞ്ഞതായി സഹോദരി അനിഷ്‌ക പറഞ്ഞു. ഷിപ്പിംഗ് കമ്പനിയും കൈയൊഴിഞ്ഞതോടെ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം.ഇതെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും നോർക്കയ്ക്കും സിറ്റി പൊലീസ് ഉൾപ്പടെയുള്ളവർക്കും പരാതി നൽകി കാത്തിരിക്കുകയാണ്.