തിരുവനന്തപുരം :ജില്ലയിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ പ്രായോഗികമായ തരത്തിൽ ഇളവുകൾ വരുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ആവശ്യപ്പെട്ടു. ലോക്ക് ഡൗണിൽ ഗ്രാമീണ മേഖലയിൽ 248 ഗ്രാമ പഞ്ചായത്ത് വാർഡുകൾ കണ്ടെയ്മെന്റ് സോണാണ്. രോഗബാധ തീരെ കുറവുള്ള പ്രദേശങ്ങളിലും ആഴ്ചകൾ നീളുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങളും കണ്ടെയ്മെന്റ് വ്യവസ്ഥകളും ജനങ്ങൾക്ക് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഈ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ഹെൽത്ത് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടും പ്രായോഗികമായ ഇളവുകൾ അടിയന്തരമായി വരുത്തണമെന്ന് വി.കെ.മധു ആവശ്യപ്പെട്ടു. ഇന്നലെ കളക്ടറേറ്റിൽ നടന്ന ഡി.ഡി.എം.എ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും ക്രിട്ടിക്കൽ സോണായിട്ടുള്ള വാർഡുകൾ ഒഴിച്ചുള്ള സ്ഥലങ്ങളിൽ ജനങ്ങൾക്ക് സഹായമാവുന്ന വിധത്തിൽ ഇളവുകൾ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിതുര ഗവ:താലൂക്ക് ആശുപത്രി പാലോട് സാമൂഹ്യ ആരോഗ്യ കേന്ദ്രം, കിളിമാനൂർ കേശവപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നീ ആശുപത്രികളിൽ പുതുതായി ടെസ്റ്റുകൾ ആരംഭിക്കാൻ തീരുമാനിച്ചു.