തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം കണ്ടെത്താൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻ.ഐ.എ നീണ്ട 25 മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിന്നാലെ, അദ്ദേഹത്തിന്റെ സമ്പാദ്യങ്ങളിലേയ്ക്കും അന്വേഷണം നീളുന്നു.
ശിവശങ്കറിന്റെ സ്വത്തുക്കളെയും പണമിടപാടുകളെയും കുറിച്ചാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റിനെ കൊച്ചിയിൽ വിളിച്ചുവരുത്തി മൊഴിയെടുത്തു. ഐ.എ.എസ് ഉദ്യോഗസ്ഥനായതിനാൽ എല്ലാ വർഷത്തെയും ആസ്തികളും വരുമാനവും സർക്കാരിനെ ശിവശങ്കർ അറിയിച്ചിട്ടുണ്ട്. ചാർട്ടേർഡ് അക്കൗണ്ടന്റിൽ നിന്ന് അദ്ദേഹത്തിന്റെ മൂന്ന് വർഷത്തെ ആസ്തികളുടെയും വരുമാനത്തിന്റെയും തെളിവുകൾ കസ്റ്റംസ് ശേഖരിച്ചു. ഈ രേഖകളുമായി ഒത്തുനോക്കി അടുത്ത നടപടിയിലേക്ക് കടക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.
രാജ്യദ്രോഹത്തിലേക്കും ,ഭീകര ഗ്രൂപ്പുകളുമായുള്ള ബന്ധത്തിലേക്കും നീളുന്ന സ്വർണക്കടത്ത് കേസിലെ സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികളുമായി അടുത്ത ബന്ധമുള്ള ശിവശങ്കറിനെ ഇതുമായി ബന്ധിപ്പിക്കാനുള്ള തെളിവുകളാണ് മൂന്ന് ദിവസത്തെ മാരത്തൺ ചോദ്യം ചെയ്യലിൽ എൻ.ഐ.എ തേടിയത്.ഇതിന് വ്യക്തമായ
തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ വിട്ടയച്ചെങ്കിലും, എൻ.ഐ.എ അദ്ദേഹത്തിന് ക്ളീൻ ചിറ്റ് നൽകിയിച്ചില്ല.മാത്രമല്ല,സെക്രട്ടേറിയറ്റിലെ ശിവശങ്കറിന്റെ ഒാഫീലിലേത് ഉൾപ്പെടെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു വരുന്നതേയുള്ളൂ.സ്വപ്ന ഉൾപ്പെടെയുള്ള പ്രതികൾ സെക്രട്ടേറിയറ്റിലെത്തി ആരെയൊക്കെ സമീപിച്ചുവെന്നാണ് ഇതിലൂടെ കണ്ടെത്തേണ്ടത്.കേസിലെ ശിവശങ്കറിന്റെ പങ്കാളിത്തം സംബന്ധിച്ചും ഈ പരിശോധന നിർണ്ണായകമാണ്.അതിനാൽ, സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ വീണ്ടും വിളിച്ചുവരുത്തുമെന്ന് എൻ.ഐ.എ വ്യക്തമാക്കിയിട്ടുണ്ട്.അതിന് പിന്നാലെയാണ് ശിവശങ്കറിന്റെ സമ്പാദ്യങ്ങളെക്കുറിച്ചുള്ള കസ്റ്റംസ് അന്വേഷണം.
എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്
അന്വേഷണം തുടങ്ങി
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം തുടങ്ങിയി. പ്രതികളുടെയും സംശയമുനയിലുള്ളവരുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത്, വരവ് കണക്കെടുപ്പും കള്ളപ്പണം, ബിനാമി ഇടപാടുകളുമാണ് ഇ.ഡി അന്വേഷിക്കുക.
വരവിൽ കവിഞ്ഞ് ഇരുപത് ശതമാനത്തിലേറെ സ്വത്തുണ്ടെങ്കിൽ ഇ.ഡിക്ക് വിശദമായ സ്വത്ത് പരിശോധന നടത്താം. സാമ്പത്തികമായി നേട്ടമുണ്ടാക്കിയെന്ന് സംശയിച്ച് പ്രതിയാക്കിയാൽ തെളിയിക്കേണ്ട ബാദ്ധ്യത കുറ്റാരോപിതനാവും. ഇ.ഡി അറസ്റ്റ് ചെയ്താൽ മൂന്നു മുതൽ ആറുമാസം വരെ ജാമ്യം കിട്ടില്ല. ബിനാമി , ഇൻകംടാക്സ് , ആന്റി മണിലോണ്ടറിംഗ് നിയമങ്ങളുടെ പിൻബലത്തിലാണ് ഇ..ഡിയുടെ പ്രവർത്തനം.
കാമറാ ദൃശ്യങ്ങൾ
അടുത്തയാഴ്ചയോടെ
സ്വർണക്കടത്ത് കേസന്വേഷണത്തിന്റെ ഭാഗമായി എൻ.ഐ.എ ആവശ്യപ്പെട്ട സെക്രട്ടേറിയറ്റിലെ കാമറാ ദൃശ്യങ്ങൾ പകർത്തൽ. അടുത്തയാഴ്ചയേ പൂർത്തിയാവൂ.
സെക്രട്ടേറിയറ്റിലും രണ്ട് അനക്സുകളിലും ഗേറ്റുകളിലുമായുള്ള 83 കാമറകളിലെ 2019 ജൂലായ് ഒന്ന് മുതൽ 2020 ജൂലായ് 12വരെയുള്ള ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ദൃശ്യങ്ങൾ പകർത്താനായി അര ലക്ഷത്തിലേറെ രൂപയുടെ ഹാർഡ് ഡിസ്ക് പൊതുഭരണവകുപ്പ് വാങ്ങി. കാമറാദൃശ്യങ്ങൾ സൂക്ഷിക്കുന്ന ഹാർഡ് ഡിസ്ക് എൻ.ഐ.എ ആവശ്യപ്പെട്ടിട്ടില്ല.