തിരുവനന്തപുരം: ഇന്നു മുതൽ തുടങ്ങാനിരുന്ന ദീർഘദൂര സർവീസുകൾ കെ.എസ്.ആർ.ടി.സി ഉപേക്ഷിച്ചു. ദീർഘദൂര സർവീസുകൾ നടത്തിയാൽ കൊവിഡ് വ്യാപനം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന ആരോഗ്യവകുപ്പിന്റെ മുന്നറിയപ്പിനെ തുടർന്നാണ് ഗതാഗത വകുപ്പ് തീരുമാനം പിൻവലിച്ചത്. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവരം അറിയിക്കുകയും മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനുമായി ഫോണിൽ സംസാരിക്കുകയുമായിരുന്നു.
പല ജില്ലാ ആസ്ഥാനങ്ങളും കണ്ടെയ്മെന്റ് സോണാണ്. സംസ്ഥാനത്ത് നിലവിൽ 498 ഹോട്ട് സ്പോട്ടുകളുണ്ട്. പല ജീവനക്കാരും രോഗികളായിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് നൽകിയ മുന്നറിയിപ്പ് കൂടി കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നെന്ന് മന്ത്രി ശശീന്ദ്രൻ കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കടുത്ത നിയന്ത്രണത്തിലേക്ക് പോകേണ്ട സാഹചര്യമാണുള്ളത്. പല ഡിപ്പോകളും പൂട്ടിയിട്ടുണ്ട്. ഹ്രസ്വദൂര സർവീസുകൾ പോലും നടത്തണോയെന്ന് ആലോചിക്കേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു.
ഇന്നു മുതൽ 206 സൂപ്പർ ക്ലാസ് സർവീസുകൾ നടത്താനാണ് കെ.എസ്.ആർ.ടി.സി തീരുമാനിച്ചിരുന്നത്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോ ലോക്ക് ഡൗൺ പ്രദേശത്തായതിനാൽ ആനയറയിൽ നിന്നും ബസ് ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു. എല്ലാ ഡിപ്പോകളിലേക്കും അറിയിപ്പും നൽകി. എന്നാൽ ഇന്നലെ വൈകിട്ട് കൊവിഡ് വ്യാപനം വൻതോതിൽ ഉയർന്നതായി കണക്ക് പുറത്തു വന്നതോടെ ആരോഗ്യവകുപ്പ് ഇടപെടുകയായിരുന്നു. വരുമാന നഷ്ടമായതിനാൽ ഇന്നു മുതൽ സ്വകാര്യ ബസുകളും ഓടില്ലെന്ന് അറിയിച്ചിട്ടുണ്ട്.