തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ തലസ്ഥാനത്തിന് ആശ്വസത്തിന് വകയില്ല. ഇന്നലെ ജില്ലയിൽ സ്ഥിരീകരിച്ച 320 പേരിലും 118 പേരും നഗര പരിധിയിലുവരാണ്. ഇതിൽ ഭൂരിഭാഗം പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. തീരദേശ മേഖലയിൽ കൊവിഡ് രൂക്ഷമാകുന്നതിനിടെ വിവിധ ഇടങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ക്ലസ്റ്ററുകളിൽ പരിശോധന വർദ്ധിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് നഗരസഭയും ജില്ലാ ഭരണകൂടവും വ്യക്തമാക്കി. വലിയതുറയിൽ 35 പേർക്കും പൂന്തുറ (17), കോട്ടപ്പുറം (9),പള്ളിത്തുറ (8) എന്നിങ്ങനെയുമാണ് രോഗം ബാധിച്ചവരുടെ എണ്ണം. എസ്.എ.പി ക്യാമ്പിൽ നാലു പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ഗൺമാനും ആംഡ് ബറ്റാലിയനിലെ ഒരു എസ്.ഐക്കും ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനുമാണ് രോഗബാധ. ഇവർ ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. ശ്രീചിത്രയിൽ വീണ്ടും ഒരു ഡോക്ടർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹവുമായി അടുത്ത സമ്പർക്കത്തിലേർപ്പെട്ട ഡോക്ടർമാരും ജീവനക്കാരും നിരീക്ഷണത്തിൽ പോയി. ആശുപത്രിയിലെത്തിയ രോഗിയിൽ നിന്നാണ് രോഗം പടർന്നതെന്നാണ് സംശയം. നഗരസഭയിലെ പാളയം സർക്കിളിലെ ഒരു ശുചീകരണത്തൊഴിലാളിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ ടെസ്റ്റുകൾ വ‌ദ്ധിപ്പിക്കുന്നതിനുള്ള സജ്ജീകരണം ചെയ്‌തിട്ടുണ്ടെന്നും രോഗികളുടെ വ‌‌ർദ്ധനവനുസരിച്ച് ആവശ്യമെങ്കിൽ ഇനിയും സി.എഫ്.ടി.സികൾ തുടങ്ങുമെന്നും മേയർ.കെ. ശ്രീകുമാർ അറിയിച്ചു. നഗരത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിലടക്കം കർശന പരിശോധന നടത്താനായി നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.