320 പേർക്ക് രോഗം, 314ഉം സമ്പർക്കം വഴി പത്ത് വയസിൽ താഴെയുള്ള 21പേർക്കും രോഗം
തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 320 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള കണക്കുൾപ്പെടെയാണ് ഇന്നലെ പുറത്തെത്തിയത്. ഇതിൽ 314 പേർക്കും സമ്പർക്കം വഴിയാണ് രോഗമുണ്ടായത്. ഉറവിടം അറിയാത്ത മൂന്നുപേരും വിദേശത്ത് നിന്നെത്തിയ ഒരാളുമുണ്ട്. കഴിഞ്ഞ ദിവസം ഐ.സി.എം.ആറിന്റെ പോർട്ടലിന് സാങ്കേതിക തകരാറുണ്ടായതിനാൽ 70പേരുടെ വിവരങ്ങൾ മാത്രമേ ലഭിച്ചിരുന്നുള്ളൂ. ഇതിന് മുൻപ് ജൂലായ് 16നാണ് മുന്നൂറിലധികം കേസുകൾ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. ഇന്നലെയും ഏറെ കേസുകൾ റിപ്പോർട്ട് ചെയ്‌ത് തീരദേശ മേഖലകളിലാണ്. ക്ലസ്റ്ററുകൾക്ക് പുറത്തും രോഗ വ്യാപനം കൂടുതലാണ്. പത്ത് വയസിൽ താഴെയുള്ള 21 കുട്ടികൾക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. വലിയതുറയിൽ 35പേർക്കും,പൂന്തുറയിൽ 18പേർക്കും കരിംകുളത്ത് 13 പേർക്കും തുമ്പയിൽ 11പേർക്കും രോഗം സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെയാണ്. കൊച്ചുതുറ മിഷണറീസ് ഒഫ് ചാരിറ്റി ശാന്തിഭവനിൽ 6 കന്യാസ്ത്രീകൾക്കുൾപ്പെടെ 36പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 11പേർക്ക്കൂടി രോഗം സ്ഥിരീകരിച്ചതോടെ തുമ്പ ക്ലസ്റ്ററിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 125 ആയി. ജില്ലയിലെ എട്ട് ആരോഗ്യപ്രവർത്തകർക്കും രണ്ടുപൊലീസുകാർക്കും കൊവിഡ് പോസിറ്റീവായി. അതേസമയം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലിരുന്നയാൾ തൂങ്ങിമരിച്ചു. പള്ളിത്തുറ സ്വദേശി ജോയിയാണ് (47) ആത്മഹത്യ ചെയ്‌ത്. മൂന്ന് പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിലെ കിളിമാനൂർ സ്റ്റേഷനിൽ സി.ഐയും എസ്.ഐയും അടക്കം മുഴുവൻ പൊലീസുകാരും നിരീക്ഷണത്തിലായി.
മറ്റു സ്റ്റേഷനുകളിൽ നിന്ന് പൊലീസുകാരെ ഇവിടേക്ക് നിയോഗിച്ച് സ്റ്റേഷൻ പ്രവർത്തനം സുഗമമാക്കാനുളള നടപടികൾ പുരോഗമിക്കുകയാണ്. നേരത്തേ ഈ സ്റ്റേഷനിൽ അറസ്റ്റിലായ മോഷണക്കേസ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കല്ലമ്പലത്തുനിന്ന് വന്ന യുവാവിനെ മാണിക്യവിളാകത്തേക്ക് കടത്തിവിട്ടില്ലെന്നാരോപിച്ച് പ്രദേശവാസികളും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.
ആകെ നിരീക്ഷണത്തിലുള്ളവർ -17,500
വീടുകളിൽ -13,910
ആശുപത്രികളിൽ-2,546
കൊവിഡ് സെന്ററുകളിൽ -1,044
പുതുതായി നിരീക്ഷണത്തിലായവർ-1,203
രോഗമുക്തി നേടിയവർ-114