തിരുവനന്തപുരം: കേരളത്തിൽ നിന്ന് അരുണാചൽ പ്രദേശിലേക്ക് സ്ഥലംമാറ്രിയ അക്കൗണ്ടന്റ് ജനറൽ സുനിൽരാജിന് ഡൽഹിയിൽ സെൻട്രൽ റീജിയന്റെ ചുമതലയുള്ള പ്രിൻസിപ്പൽ ഡയറക്ടറായി നിയമനം. സുനിൽരാജിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കേരളത്തിലെ ഓഡിറ്റ് റിപ്പോർട്ടിൽ സംസ്ഥാന പൊലീസിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. പൊലീസിലെ തോക്കും തിരയും കാണാതായത് ചൂണ്ടിക്കാട്ടിയ റിപ്പോർട്ടിൽ പതിവിന് വിപരീതമായി ആരോപണ വിധേയനായ ഡി.ജി.പി ലോകനാഥ് ബെഹ്റയെ പേരെടുത്ത് പരാമർശിക്കുകയും ചെയ്തിരുന്നു.നിയമസഭയിൽ സമർപ്പിക്കുന്നതിന് മുമ്പ് റിപ്പോർട്ട് പുറത്തറിഞ്ഞതും വിവാദമായി. സംസ്ഥാന സർക്കാർ നിലപാടിന് വിരുദ്ധമായി കിഫ്ബിയിൽ എ.ജി ഓഡിറ്ര് വേണമെന്ന ആവശ്യം സുനിൽ രാജ് ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥലംമാറ്റം ഉണ്ടായത്.
കംപ്ട്രോളർ ആൻഡ് ഓഡിറ്രർ ജനറൽ രാജീവ് മെഹർഷി അടുത്ത മാസം പിരിയാനിരിക്കേയാണ് സുനിൽരാജ് ഡൽഹിയിലെത്തുന്നത്.സ്ഥാനക്കയറ്റമില്ലാതെയാണ് ഡൽഹിയിൽ എത്തിയതെങ്കിലും വിപുലമായ അധികാരമുണ്ട്.