തിരുവനന്തപുരം: മരുതംകുഴി പാലത്തിനു സമീപത്തെ ഹാപ്പി അക്വേറിയം പെറ്റ്‌സ് ഷോപ്പിൽ നിന്ന് വിലപിടിപ്പുള്ള പ്രാവുകളെ മോഷ്ടിച്ച രണ്ടുപേർ പിടിയിൽ. വട്ടിയൂർക്കാവ് വെള്ളൈക്കടവ് തെക്കേക്കുന്നുവിള വീട്ടിൽ വിപിൻ, ജഗതി ബണ്ടുറോഡ് മൈത്രി നഗർ റാണി ക്വാർട്ടേഴ്‌സിൽ അക്കു എന്ന രാഹുൽ എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റു ചെയ്തത്. പലയിടത്തു നിന്നും വിലപ്പിടിപ്പുള്ള പ്രാവുകളെ മേഷ്ടിച്ച് കൂടിയ വിലയ്ക്ക് മറിച്ച് വിൽക്കുകയാണ് ഇവരുടെ പതിവ്. പലരും പരാതിയുമായി എത്തിയങ്കിലും ഇവരെ പിടികൂടാനായില്ല. തുടർന്ന് രാത്രി കാലങ്ങളിൽ നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ഇവരെ പിടികൂടാനായത്. മ്യൂസിയം സബ് ഇൻസ്‌പെക്ടർമാരായ ശ്യാംരാജ് ജെ. നായർ, സംഗീത, സിവിൽ പൊലീസ് ഓഫീസർമാരായ അരുൺ, ബിനു, ശ്രീക്കുട്ടൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. നഗരത്തിൽ പെറ്റ് ഷോപ്പുകൾ കേന്ദ്രീകരിച്ച് സമീപകാലത്ത് നടന്ന മോഷണങ്ങളിൽ പ്രതികൾക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.