തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ ആത്മഹത്യ ചെയ്തു. പള്ളിത്തുറ സെന്റ് ആൻസ് ലെയ്ൻ ഹൗസ് നമ്പർ 72 ൽ ജോയ് (47) ആണ് ആശുപത്രിയിലെ ഐസൊലേഷൻ മുറിയിൽ തൂങ്ങിമരിച്ചത്. ഇന്നലെ വൈകിട്ട് 5.30നായിരുന്നു സംഭവം.ഇയാൾക്ക് സ്ഥിരമായി നൽകാറുള്ള മരുന്നു നൽകാനെത്തിയ ജീവനക്കാരനാണ് സംഭവം കണ്ടത്. ഇന്നലെ രാവിലെ മുതൽ തന്നെ ഇയാൾ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.രാവിലെ മുതൽ ഭക്ഷണവും മരുന്നു കഴിക്കാനും വിസമ്മതിച്ചിരുന്നു. തിങ്കളാഴ്ചയാണ് പള്ളിത്തുറയിലെ ആരോഗ്യ സബ്‌സെന്റർ വഴി ഇയാളെ ജനറൽ ആശുപത്രിയിലെത്തിച്ചത്.കൊവിഡ്‌ രോഗബാധ സംശയിച്ചിരുന്ന ഇയാൾ കഴിഞ്ഞ ദിവസം ആശുപത്രി അധികൃതരുടെ കണ്ണു വെട്ടിച്ച് ഇറങ്ങിയോടാൻ ശ്രമിച്ചിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും ആശുപത്രി അധികൃതർ വേണ്ട ശ്രദ്ധ നൽകിയില്ലെന്നും ആരോപണമുണ്ട്. മാനസിക സമ്മർദ്ദം ഏറെയുണ്ടായിരുന്ന ഇയാളെ കൗൺസിലിംഗിന് ഹാജരാക്കാനുള്ള തയാറെടുപ്പിലായിരുന്നു.മൃതദേഹം കൊവിഡ് പരിശോധനയ്ക്ക്‌ശേഷം വിട്ടു നൽകും.