തിരുനെല്ലി: കുടകിൽ നിന്ന് അനധികൃതമായി വയനാട്ടിലെത്തിയ തിരുനെല്ലി അരണപ്പാറ മിച്ചഭൂമി കോളനിയിലെ 40 കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയേറുന്നു. ജൂൺ 24നാണ് ഇവരെത്തിയ കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ബത്തേരിയിൽ സ്രവ പരിശോധനയ്ക്കുശേഷം സർക്കാർ ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റിയിരുന്നു. എന്നാൽ ജൂൺ 23ന് നാട്ടിലെത്തിയ ഇവർ കോളനിയിലും പരിസരത്തും കാട്ടിക്കുളം ടൗണിലും പലരുമായി സമ്പർക്കമുണ്ടായതായി സൂചനയുണ്ട്. ഈ പശ്ചാത്തലത്തിൽ തിരുനെല്ലി പഞ്ചായത്തിലെ 5 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്.