prathikal

മാനന്തവാടി: സ്വകാര്യവ്യക്തിയുടെ നിർമ്മാണത്തിലുള്ള കെട്ടിടത്തിൽ മദ്ധ്യവയസ്‌കൻ കൊല്ലപ്പെട്ട കേസിൽ രണ്ടു പേർ അറസ്റ്റിലായി. മാനന്തവാടി അമ്പുകുത്തി കല്ലുമൊട്ടംകുന്ന് കോളനിയിൽ വാസു (50), പടിഞ്ഞാറത്തറ അരമ്പറ്റക്കുന്ന് വലിയ താഴത്ത് തങ്കച്ചൻ (55) എന്നിവരാണ് പിടിയിലായത്. കൊല്ലം അഞ്ചൽ സ്വദേശിയായ ഉണ്ണികൃഷ്ണൻ (55) കഴിഞ്ഞ ഞായറാഴ്ചയാണ് കൊല്ലപ്പെട്ടത്.

മദ്യലഹരിയിലുണ്ടായ കലഹമാണ് കൊലപാതക കാരണമെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസും ഫോറൻസിക് വിഭാഗവും കെട്ടിടത്തിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ മരണത്തിൽ ദുരൂഹതയുണ്ടെന്നു കണ്ടെത്തിയിരുന്നു. തുടരന്വേഷണത്തിലാണ് കൊലപാതകമാണെന്ന് മനസിലായത്.

സുഹൃത്തുക്കളും സ്ഥിരം മദ്യപാനികളുമായ ഇവർ ഇടക്കിടെ വഴക്കിടുക പതിവായിരുന്നു. സംഭവ ദിവസവും മൂവരും മദ്യലഹരിയിലായിരുന്നു. തുടർന്നുണ്ടായ തർക്കത്തിനിടയിൽ വാസുവും തങ്കച്ചനും ചേർന്ന് ഉണ്ണികൃഷ്ണനെ മർദ്ദിക്കുകയും തലയ്ക്കടിക്കുകയും ചെയ്തു. ഉണ്ണികൃഷ്ണൻ അബോധാവസ്ഥയിലായപ്പോൾ ഇരുവരും സ്ഥലം വിടുകയായിരുന്നു.

മാനന്തവാടി ഡിവൈ.എസ്.പി എ.പി.ചന്ദ്രന്റെ നിർദ്ദേശപ്രകാരം എസ്.എച്ച്.ഒ എം.എം. അബ്ദുൾ കരീം, എസ്.ഐ ബിജു ആന്റണി, എ.എസ്.ഐമാരായ ടി.കെ. മനോജ്, എം. രമേശൻ, ടി.കെ. രാജിവൻ, സീനിയർ സി.പി.ഒ.എ നൗഷാദ്, സി.പി.ഒമാരായ കെ.ജെ. ജിൻസ്, വി.വി. പിൻ, സുധീഷ്‌, ഡ്രൈവർ ഇബ്രാഹിം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.