കൽപ്പറ്റ: കാടിന്റെ കൊച്ചു മക്കൾക്ക് ഇനി ടിവിക്കു മുന്നിൽ തപ്പിത്തടയേണ്ട. തങ്കുപ്പൂച്ചയുടെയും മിട്ടുപ്പൂച്ചയുടെയും കഥയടക്കം അവരുടെ സ്വന്തം ഭാഷയിൽ വിക്ടേഴ്സ് ചാനലിൽ ഇതൾവിരിയും. പണിയ, കുറുമ തുടങ്ങി ആറു ഭാഷകളിലെ ഓൺ ലൈൻ ക്ലാസ് അടുത്ത ചൊവ്വാഴ്ച തുടങ്ങും. അടിയ, കാട്ടുനായ്‌ക്ക, ഉൗരാളി, കുറിച്യ എന്നിവയാണ് മറ്റു ഭാഷകൾ.
ഇവർക്ക് മലയാളം രണ്ടാം ഭാഷ മാത്രം. ഇപ്പോൾ ഓൺലൈൻ പാഠശാലയിലെത്തുന്ന ഒന്നാം ക്ലാസുകാർക്ക് ആകെയൊരു അന്ധാളിപ്പാണ്. കാര്യമായി ഒന്നും പിടികിട്ടുന്നില്ല. അടുത്ത ആഴ്ചയോടെ ഇതിനു പരിഹാരമാവും.
ആറ് ഭാഷകളിലെയും ചിത്രീകരണത്തിന്റെ ഉദ്ഘാടനം ഒരാഴ്ച മുമ്പ് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് തിരുവനന്തപുരത്ത് ഓഫീസിലിരുന്ന് നിർവഹിച്ചു. ഒൻപത് ദിവസം കൊണ്ട് ക്ലാസുകൾ പൂർത്തിയാക്കി. ക്ലാസുകൾ കൈകാര്യം ചെയ്തത് ഗോത്രബന്ധു അദ്ധ്യാപകരാണ്. വയനാട്ടിൽ വൈത്തിരി ബി.ആർ.സിയുടെ പരിധിയിൽ വരുന്ന പണിയ കോളനിയിലാണ് ക്ലാസിന്റെ ഉദ്ഘാടനം.
കഥ പറഞ്ഞ് മഞ്ജു ടീച്ചർ
പടിഞ്ഞാറത്തറ ഗവ. എൽ.പി സ്കൂളിലെ മഞ്ജു ടീച്ചറാണ് പണിയ ഭാഷയിൽ ക്ളാസെടുക്കുന്നത്. പെരുന്തട്ട ജി.എൽ.പി സ്കൂളിൽ നടന്ന ഒന്നാം ക്ലാസിന്റെ ഷൂട്ട് ഇങ്ങനെ:
''ഇഞ്ചു നാമു ആരുണ കഥെയാ പറവ പോഞ്ചെ?. കുട്ടിക്കൊമ്പന കഥെയാ?. എഞ്ചലെ, ടീച്ചറു ഇവളെ കഥെ ഒഞ്ചു അല്ല പറെവ പോഞ്ചെ.... (ടീച്ചർ ഇന്ന് ആരുടെ കഥയാണ് പറയാൻ പോകുന്നതെന്ന് അറിയാമോ? കുട്ടിക്കൊമ്പന്റെ കഥയോ? പിന്നെയോ, ആ മുന്തിരിക്ക് ചാടിയ കുറുക്കന്റെ കഥയോ?. എന്നാലെ ഇവരുടെ ഒന്നും കഥയല്ല പറയാൻ പോകുന്നത്...)
എം.എസ്. ശ്രീജ (അപ്പാട് ജി.എൽ.പി.എസ്), സി.ബി.ശ്രീജ (മുത്തങ്ങ ജി.എൽ.പി.എസ്), പി.സി. സിനി (ചെമ്പിലോട് ജി.എൽ.പി.എസ്), കൃഷ്ണജ (ആൻഡൂർ ജി.എൽ.പി എസ്), എം.അഞ്ജു (പനവല്ലി ജി.എൽ.പി.എസ്) എന്നിവരാണ് മറ്റു ഭാഷകളിൽ ക്ലാസെടുത്തത്.
സമൂഹമാദ്ധ്യമങ്ങളിലും കാണാം
'പണിയ" ക്ലാസുകൾ വാട്സ് ആപ്പ് ഗ്രൂപ്പ്, യൂട്യൂബ് ചാനൽ, ടെലഗ്രാം എന്നിവയിലൂടെയും കാണിക്കും. പെൻഡ്രൈവിലാക്കി അതത് സെന്ററുകളിലെത്തിക്കുന്നുമുണ്ട്.