കൽപ്പറ്റ: കാടിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളുടെ കഥയല്ല വയനാടിന് പറയാനുള്ളത്. ഉറ്റവർ ഉപേക്ഷിച്ച നേരം ഉടയവളായെത്തിയ വീട്ടമ്മയുടെ ചൂരുംചൂടുമേറ്റ് വളർന്ന കാട്ടുപന്നി നൽകുന്നത് വേറിട്ട ജീവിത പാഠം. മടൂർ കാട്ടുനായ്ക്ക കോളനിയിലെ ചുണ്ടയുടെയും അവർ സ്നേഹമുട്ടി വളർത്തുന്ന മുത്തുവെന്ന് പേരായ കാട്ടുപന്നിയുടെയും ജീവിതം വേർപിരിയാനാവാത്ത അത്മബന്ധത്തിന്റെ കൂടി കഥയാണ്. പറക്കമുറ്റാത്ത പെൺ കാട്ടുപന്നി കുഞ്ഞിനെ രണ്ട് വർഷം മുമ്പാണ് ചുണ്ടയ്ക്ക് കിട്ടുന്നത്. വീടിന് സമീപത്തെ കാപ്പിത്തോട്ടത്തിൽ പശുവിന് പുല്ല് വെട്ടാൻ പോയപ്പോഴാണ് ഒറ്റയ്ക്ക് നിലത്ത് കിടന്നുരുളുന്ന പന്നിക്കുഞ്ഞിനെ കണ്ടത്. റസ്കും പാലും കട്ടൻ ചായയുമൊക്കെ കൊടുത്ത് വളർത്തി. രാത്രിയിൽ പുതപ്പിച്ച് കൂടെ ഉറക്കി. വലുതായപ്പോൾ ചുണ്ടയെ വിട്ടുപോകാൻ മുത്തുവിനായില്ല. ഉറങ്ങാൻ നേരമായാൽ മുത്തു ചുണ്ടയെ തേടിയെത്തും കൂടെ കിടന്നുറങ്ങും. രാവിലെ ചുണ്ട വളർത്തുന്ന പശുക്കളോടൊപ്പം പുല്ല് തിന്നും. എവിടെ പോകുമ്പോഴും ചുണ്ടയുടെ കൂടെ മുത്തുവുമുണ്ടാകും, ഊണിലും ഉറക്കത്തിലും. വെളുപ്പിന് പശുക്കളെ കറക്കാൻ ചുണ്ട എഴുന്നേറ്റാൽ കൂടെ അവളുമുണരും. പാലിൽ 2 ഗ്ലാസ് അവൾക്കുള്ളതാണ്. ഇപ്പോൾ മുത്തുവിന് പ്രായമായി, ചുണ്ടയ്ക്ക് വയ്യായ്കയും. പക്ഷെ, ഇരുവരുടെയും ബന്ധം ഊഷ്മളമായി തുടരുന്നു.