dmw
ഡി.എം.വിംസ് മെഡിക്കൽ കോളേജ്

കൽപ്പറ്റ: ഡി.എം എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ഡോ. ആസാദ് മൂപ്പന്റെ നിയന്ത്രണത്തിലുള്ള മേപ്പാടിയിലെ ഡി.എം.വിംസ് ഹോസ്പിറ്റൽ സർക്കാർ മെഡിക്കൽ കോളേജിനായി വിട്ടു കൊടുക്കുന്ന സന്തോഷത്തിലാണ് വയനാട്.

മെഡിക്കൽ കോളേജിനായുള്ള സ്ഥലമെടുപ്പിനെ ചൊല്ലി പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് ഡി.എം.വിംസ് കൈമാറാൻ തയ്യാറാണെന്ന് കാണിച്ച് ഡോ. ആസാദ് മൂപ്പൻ സർക്കാരിന് കത്ത് നൽകിയത്. ഇതേക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചു. മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണം.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. വിശ്വനാഥന്റെ നേതൃത്വത്തിൽ ഡോ. സജേഷ്, ഡോ. കെ.ജി. കൃഷ്ണകുമാർ, ഡോ. അൻസാർ, മെഡിക്കൽ സർവീസ് കോർപറേഷൻ ഡെപ്യൂട്ടി മാനേജർ നരേന്ദ്രനാഥൻ, കെ. ശ്രീകണ്ഠൻ നായർ, സി.ജെ. അനില, ചാർട്ടേഡ് അക്കൗണ്ടന്റ് സുരേഷ് ബാബു എന്നിവർ അംഗങ്ങളായ സമിതിയെയാണ് റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് വയനാട്ടിൽ സർക്കാർ മെഡിക്കൽ കോളേജ് ആരംഭിക്കാൻ തീരുമാനിച്ചത്. തുടർന്ന് കൽപ്പറ്റയ്ക്കടുത്തുള്ള അമ്പതേക്കർ ഭൂമി സൗജന്യമായി നൽകാൻ ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് തീരുമാനിച്ചു. 2015ൽ തറക്കല്ലിട്ടു. തുടർന്ന വന്ന ഇടതു മുന്നണി സർക്കാർ ഇവിടേക്ക് നിർമ്മിച്ച റോഡ് പ്രളയത്തിൽ തകർന്നു. തുടർന്ന് ഇവിടെ മെഡിക്കൽ കോളേജ് പറ്റില്ലെന്ന് വിദഗ്ദ്ധ സമിതിയുടെ തീരുമാനം വന്നു. ഇതോടെ ഇൗ ഭൂമി സർക്കാർ ഉപേക്ഷിച്ചു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഉയർന്നത്. തുടർന്ന് കൽപ്പറ്റ കോഴിക്കോട് ദേശീയപാതയിൽ ചുണ്ടേലിനടുത്തുള്ള ചേലോട് എസ്റ്റേറ്റിലെ അമ്പതേക്കർ ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുമ്പോഴാണ് ഡി.എം. ഐവിംസ് വിട്ടുകൊടുക്കാൻ തീരുമാനമായത്. തീരുമാനം ഉചിതമാണെന്ന് സി.കെ. ശശീന്ദ്രൻ എം.എൽ.എ കേരളകൗമുദിയോട് പറഞ്ഞു. ഡി.എം.വിംസിൽ 212 ഡോക്ടർമാരും 1200 ജീവനക്കാരുമുണ്ട്.