 പുതുതായി 6 മോഡൽ ഫോറസ്റ്റ് സ്റ്റേഷനുകൾ

സുൽത്താൻ ബത്തേരി: അധിനിവേശ സസ്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിദേശ സസ്യങ്ങൾ വെട്ടിമാറ്റി പകരം പ്രദേശിക സ്വാഭാവിക വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുമെന്ന് വനം - വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. അധിനിവേശ സസ്യ നിർമാർജ്ജനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മോഡൽ ഫോറസ്റ്റ് സ്റ്റേഷനുകളുടെ ഉദ്ഘാടനവും കുപ്പാടിയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി.

അധിനിവേശ സസ്യങ്ങൾ പൂർണമായി ഒഴിവാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വയനാട് വന്യജീവി സങ്കേതത്തിൽ പടരുന്ന അധിനിവേശ സസ്യമായ സെന്നയുടെ നിർമാർജ്ജനമാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. പിഴുതുമാറ്റിയ സ്ഥലത്ത് വീണ്ടും ചെറുതൈകൾ മുളച്ച് വരുന്നതിനാൽ നാലു വർഷം തുടർച്ചയായി ഇവ പിഴുത് മാറ്റേണ്ടതുണ്ട്. സാമൂഹിക വനവത്കരണ പദ്ധതിയുടെ ഭാഗമായാണ് സെന്ന ജില്ലയിലെത്തിയത്. സംസ്ഥാനത്ത് വന ഉദ്യാനങ്ങളുടെ പരിപാലനം മികച്ച രീതിയിൽ നടക്കുന്നുണ്ട്.

ജില്ലയിൽ കുപ്പാടി, മുത്തങ്ങ, തോട്ടാമൂല, തോൽപ്പെട്ടി, ഇരുളം, പുൽപ്പളളി മോഡൽ ഫോറസ്റ്റ് സ്റ്റേഷനുകളാണ് തുറന്നത്. അടിസ്ഥാന സൗകര്യ വികസനം, ജീവനക്കാരുടെ പരിശീലനം എന്നിവ ലക്ഷ്യമാക്കിയാണ് ഫോറസ്റ്റ് സ്റ്റേഷനുകൾ നിർമ്മിച്ചതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 10 ഫോറസ്റ്റ് സ്റ്റേഷനുകളുടെ നിർമ്മാണം ഇതിനകം പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചടങ്ങിൽ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റിവ് സൊസൈറ്റിയാണ് ഫോറസ്റ്റ് സ്റ്റേഷനുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്. 90 ലക്ഷം രൂപ വീതമാണ് ഫോറസ്റ്റ് സ്റ്റേഷനുകളുടെ നിർമ്മാണത്തിന് ലഭിച്ചത്. ഓരോ ഫോറസ്റ്റ് സ്റ്റേഷനിലും ഫോറസ്റ്റ് സ്റ്റേഷൻ ബിൽഡിംഗ്, ഡോർമിറ്ററി ബിൽഡിംഗ്, ആനിമൽ റെസ്‌ക്യൂ സെന്റർ, വാഹന പാർക്കിംഗ് സൗകര്യം എന്നിങ്ങനെ മൂന്ന് യൂണിറ്റുകളുണ്ട്. ബാത്ത്‌റൂം സൗകര്യത്തോടു കൂടിയ അഞ്ച് മുറികൾ, റിക്രിയേഷൻ സെന്റർ, ഡൈനിംഗ് ഹാൾ, അടുക്കള എന്നിവ ഉൾപ്പെടുന്നതാണ് ഡോർമിറ്ററി ബിൽഡിംഗ്.

മോഡൽ ഫോറസ്റ്റ് സ്റ്റേഷനുകളുടെ ശിലാഫലക അനാച്ഛാദനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ബത്തേരി നഗരസഭാ ചെയർമാൻ ടി.എൽ. സാബു എന്നിവർ ചേർന്ന് നിർവഹിച്ചു. നഗരസഭാ ചെർമാൻ വനമഹോത്സവത്തിന്റെ ഭാഗമായുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റിവ് സൊസൈറ്റി സീനിയർ പ്രോജക്ട് എൻജിനിയർ കെ.വിനീഷിന് ഉപഹാരം നൽകി. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പി ആൻഡ് ഡി) ദേവേന്ദ്രകുമാർ വർമ്മ, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യം, പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, അഡിഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ ഇ. പ്രദീപ് കുമാർ, രാജേഷ് രവീന്ദ്രൻ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ കെ.വിജയാനന്ദൻ, കെ. കാർത്തികേയൻ, ഡി.എഫ്.ഒ പി.കെ.ആസിഫ് തുടങ്ങിയവർ സംബന്ധിച്ചു.