മാനന്തവാടി: സ്വന്തമായുണ്ടായിരുന്ന പശുവിനെ കടുവ കൊന്ന ആദിവാസി കുടുംബത്തിന് വനം വകുപ്പ് പശുക്കുട്ടിയെ സംഘടിപ്പിച്ച് നൽകി. വയനാട് വന്യജീവി സങ്കേതം തോൽപ്പെട്ടി റെയിഞ്ചിലെ ബേഗൂർ ഗുണ്ടൻ കോളനിയിലെ സുബ്രഹ്മണ്യൻ- അനിത ദമ്പതികൾക്കാണ് തോൽപ്പെട്ടി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി.സുനിൽകുമാറിന്റെ നേതൃത്വത്തിൽ പശുക്കുട്ടിയെ കോളനിയിൽ എത്തിച്ച് നൽകിയത്. സുബ്രഹ്മണ്യന്റെ കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗമായ പശുവിനെ മേയാൻ വിട്ടപ്പോൾ മാസങ്ങൾക്ക് മുമ്പ് കടുവ ആക്രമിക്കുകയായിരുന്നു. വനത്തിനുള്ളിൽ വെച്ച് പശു വന്യമൃഗത്തിന്റെ അക്രമണത്തിൽ കൊല്ലപ്പെട്ടതുകൊണ്ട് നഷ്ടപരിഹാരം നൽകിയില്ല.
കുടുംബത്തിന്റെ ദയനീയ സ്ഥിതി മനസ്സിലാക്കി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ തന്റെ സുഹൃത്തും ബംഗളുരൂ മെഡിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്ന മാനന്തവാടി സ്വദേശി നോബിൻ ജോസിനെയും കായംകുളം സ്വദേശി ഗോകുൽ കൃഷ്ണനെയും കുടുംബത്തിന്റെ സ്ഥിതിയെ പറ്റി അറിയിച്ചു.ഇവരാണ് പശുവിനെ നൽകിയത്.
ഫോറസ്റ്റർ കെ.എ കുത്തിരാമൻ, ബിറ്റ് ഫോറസ്റ്റ് ഓഫിസർമാരയ ശിവജി ശരൺ, അശ്വതി അശോകൻ, പി.സി ശാന്ത എന്നിവരും ഉണ്ടയിരുന്നു.