പടിഞ്ഞാറത്തറ: പൊലീസുകാരനെ ആക്രമിച്ച് മുങ്ങിനടന്ന അബ്കാരി കേസ് പ്രതി പിടിയിലായി. കാവുമന്ദത്ത് വെച്ച് ചാരായം പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസുകാരനെ ആക്രമിച്ചതിന് ശേഷം ഓടി രക്ഷപ്പെട്ട കേസിലെ പ്രതിയായ ഇരിട്ടി കിളിയന്തറ പുനരധിവാസ കോളനിയിലെ കുനിയിൽ വീട്ടിൽ മനോജ് (ബിജു 39) നെയാണ് ഇരിട്ടി വിളമനയിൽ വെച്ച് പടിഞ്ഞാറത്തറ എസ്.ഐ അബൂബക്കറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
2019 മാർച്ച് 31 ന് കാവുമന്ദം കല്ലങ്കരിയിൽ ചാരായം വാറ്റുന്നതറിഞ്ഞ് എത്തിയ പൊലീസുകാരനെ ആക്രമിച്ച് മുങ്ങിയതായിരുന്നു മനോജ്. ഇതിന് മുമ്പും ഇയാൾ നിരവധി അബ്കാരി കേസുകളിൽ പ്രതിയാണ്.
ഇരിട്ടി സ്വദേശിനിയെ ആദ്യം വിവാഹം ചെയ്തതിന് ശേഷം അത് മറച്ച് വെച്ച് കാവുമന്ദം ആസാദ് നഗർ കോളനിയിലെ ഒരു യുവതിയെ വിവാഹം കഴിക്കുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ 2020 മാർച്ച് 20 ന് പടിഞ്ഞാറത്തറ പൊലീസ് സ്‌റ്റേഷനിൽ ഇയാൾക്കെതിരെ വിവാഹ തട്ടിപ്പിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എസ്.ഐ, സി.പി.ഒ മാരായ ജംഷീർ,അനിൽ എന്നിവരാണ് ഇയാളെ അറസ്റ്റ് ചെയ്തത്.