അമ്പലവയൽ: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട് ദുരിതത്തിലായ റെനിക്കും സജിതയ്ക്കും രണ്ട് പെൺമക്കൾക്കും താമസിക്കാൻ അമ്പലവയലിനടുത്ത് മഞ്ഞപ്പാറയിൽ വീടൊരുങ്ങി. ഓട്ടോറിക്ഷ തൊഴിലാളിയായ അറയ്ക്കപ്പറമ്പിൽ ബിജു സൗജന്യമായ് നൽകിയ 5 സെന്റ് സ്ഥലത്ത് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, കൃഷി വിജ്ഞാന കേന്ദ്രം, കാർഷിക കോളേജ് എന്നീ സ്ഥാപനങ്ങളിലെ തൊഴിലാളികളും അദ്ധ്യാപകരും ചേർന്ന് വീട് നിർമ്മിക്കാനുള്ള പണം കണ്ടെത്തുകയായിരുന്നു. ഇന്നലെ രാവിലെ കാർഷിക കേന്ദ്രം മേധാവി ഡോ. കെ. അജിത് കുമാർ വീടിന്റെ താക്കോലും സ്ഥലത്തിന്റെ പ്രമാണങ്ങളും കൈമാറി. സൗജന്യമായ് സ്ഥലം നൽകിയ ബിജുവിനെ കാർഷിക കോളേജ് സെക്ഷൻ ഓഫീസർ പി.ആർ. രാഗേഷ് പൊന്നാടയണിയിച്ചാദരിച്ചു. കൺവീനർ അബ്ദുൾ റഹ്മാൻ സ്വാഗതവും സ്ഥിരം തൊഴിലാളിയായ സജേഷ് നന്ദിയും പറഞ്ഞു. ഡോ. ഷജീഷ് ജാൻ, കെ.പുരുഷോത്തമൻ, പി.സി. സജീവ്, സിജി തോമസ്, എം.എൻ.സതി, ടി.ടി. ജേക്കബ്, കെ.വി.വത്സൻ എന്നിവർ സംസാരിച്ചു.