വെളളമുണ്ട: പീച്ചങ്കോട് സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥൻ സിറാജിന്റെ വീട്ടിൽ നിന്ന് സ്വർണ്ണവും, ആഡംബര വാച്ചുകളും മോഷ്ടിച്ച കേസിലെ പ്രതികളെ വെളളമുണ്ട സി.ഐ എം.എ സന്തോഷും സംഘവും അറസ്റ്റ് ചെയ്തു. മോഷണം നടത്തിയ ഏഴേ നാല് കൊക്കടവ് കായലിങ്കൽ കോളനിയിലെ സുർക്കൻ എന്ന സുധീഷ് (30), തൊണ്ടിമുതലുകൾ ക്രയവിക്രയം നടത്തിയ മാനന്തവാടി തുണ്ടത്തിൽ തങ്കച്ചൻ എന്ന വർഗ്ഗീസ് (54), പായോട് ഏക്കനംചാൽ ഇബ്രാഹിം (62),കൽപ്പറ്റ ആനപ്പായിപടി ആർ വിപിൻ (24) എന്നിവരാണ് അറസ്റ്റിലായത്.
ഇതിൽ മോഷ്ടാവായ സുധീഷിനെതിരെ ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ കേസുകളുണ്ട്. തൊണ്ടിമുതലായ സ്വർണ്ണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു വരികയാണ്. ആഡംബര വാച്ചുകളിൽ ഒരെണ്ണം പൊലീസ് കണ്ടെത്തി. ഒരു വാച്ച് പുഴയിൽ ഉപേക്ഷിച്ചതായാണ് സൂചന.
കഴിഞ്ഞ മാസം 14നാണ് വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഓട് പൊളിച്ച് അകത്ത് കയറിയ കള്ളൻ 10 പവനോളം സ്വർണ്ണവും, രണ്ട് ആഡംബര വാച്ചുകളും കവർന്നത്. മോഷ്ടാവ് സംഭവ സ്ഥലത്ത് ഒരു പർദ്ദയും, ഷാളും ഉപക്ഷിച്ചിരുന്നു. അവ ആളെ തിരിച്ചറിയാതിരിക്കാൻ മോഷ്ടാവ് ഉപയോഗിച്ചതാണെന്ന് പൊലീസിന് ബോധ്യമായിരുന്നു. തുടർന്ന് തൊണ്ടിമുതലുകളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയും, കൂട്ടു പ്രതികളും വലയിലായത്. പ്രതികളെ ഇന്നലെ വീഡിയോ കോൺഫറൻസ് മുഖാന്തരം കോടതി മുമ്പാകെ ഹാജരാക്കി.
ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലെ ഡ്രൈവറാണ് സിറാജ്.