turf
മാനന്തവാടി വളളിയൂർക്കാവ് റോഡിലെ ടർഫ് കോർട്ട്

മാനന്തവാടി: അനുമതി പോലുമില്ലാതെ നിർമ്മിച്ച ടർഫ് കോർട്ടിൽ ഒരു വർഷത്തോളമായി രാവും പകലും ഫുടബാൾ കളി തുടരുമ്പോഴും അധികൃതർക്ക് അനക്കമില്ലെന്ന് ആക്ഷേപം. മണിക്കൂർ കണക്കാക്കി വാടക വാങ്ങുമ്പോൾ മുനിസിപ്പാലിറ്റിയ്ക്ക് നികുതി ഇനത്തിൽ വൻസംഖ്യയാണ് നഷ്ടമാവുന്നതെന്നും ആരോപണമുന്നയിക്കുന്ന പരിസരവാസികളടക്കം ചൂണ്ടിക്കാട്ടുന്നു. മാനന്തവാടി വള്ളിയൂർക്കാവ് റോഡിലാണ് റോയൽ സ്‌പോർട്സ് ക്ലബ്ബിന്റെ കീഴിലുള്ള ടർഫ്‌ കോർട്ട് ഒരു തടസ്സവുമില്ലാതെ പ്രവർത്തിക്കുന്നത്. മുനിസിപ്പാലിറ്റിയുടെ മൂക്കിനു കീഴെയായിട്ടും ഉദ്യോഗസ്ഥരുൾപ്പെടെ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ആരോപണം. ടർഫ് കോർട്ടും അനുബന്ധ കെട്ടിടവും നിർമ്മിക്കാൻ ജിയോളജി വകുപ്പിന്റേതടക്കം അനുമതി വേണമെന്നാണ്. കെട്ടിട നിർമ്മാണം തുടങ്ങുന്നതിന് മുൻപ് അപേക്ഷ പരിഗണിച്ച് മുനിസിപ്പാലിറ്റി അധികൃതർ സ്ഥല പരിശോധന നടത്തേണ്ടതുണ്ട്. ഈ കടമ്പകളൊന്നും കടക്കാതെയാണ് ടർഫ് കോർട്ട് വന്നതെന്നാണ് ആക്ഷേപം. ഇവിടെ ഒരു മണിക്കൂർ ഫുട്‌ബാൾ കളിക്കാൻ പകൽ 1200 രൂപയാണ്. രാത്രി 1400 രൂപയും.
ടർഫ് കോർട്ടിന് വൈദ്യുതി കണക്‌ഷൻ ലഭിച്ചതിലും ക്രമക്കേടുണ്ടെന്ന് പറയുന്നു.