തോണിച്ചാൽ: ദുരന്തകാലത്ത് തോണിച്ചാലിന് ആശ്വാസമേകാൻ ഇനി കരുതൽ സേന രംഗത്തിറങ്ങും. പ്രകൃതിക്ഷോഭങ്ങളോ മറ്റ് ദുരിതങ്ങളോ നാടിനെ വലയ്ക്കമ്പോൾ ആശ്വാസമെത്തിക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം.
തോണിച്ചാൽ സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിലാണ് യുവജനങ്ങളുടെ നേതൃത്വത്തിലുള്ള കരുതൽ സേന. ആദ്യഘട്ടത്തിൽ നൂറു അംഗങ്ങളാണ് കൂട്ടായ്മയിലുണ്ടാവുക. അടിയന്തരസാഹചര്യങ്ങളിലെ സന്നദ്ധപ്രവർത്തനമാണ് ഈ സേനയുടെ ലക്ഷ്യം. യാത്രാക്ലേശം പരിഹരിക്കുക, അവശ്യവസ്തുക്കൾ എത്തിക്കുക, മരുന്നും വൈദ്യസഹായവും ഉറപ്പാക്കുക എന്നിവയും കരുതൽസേനയുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടും. പ്രാരംഭഘട്ടത്തിൽ നവമാദ്ധ്യമങ്ങളിലൂടെ ബോധവത്കരണ സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കും. ജില്ലാദുരന്തനിവാരണ അതോിററ്റിയടേയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ സേനാംഗങ്ങൾക്ക് പരിശീലനം നൽകുന്നുണ്ട്. പ്രാഥമിക ശുശ്രൂഷ, അഗ്‌നിസുരക്ഷാ മാർഗങ്ങൾ എന്നിവയിലാണ് പ്രധാനമായും പരിശീലനം. മാനന്തവാടി തഹസിൽദാരും (ലാൻഡ് റീക്കോഡ്‌സ്) തോണിച്ചാൽ ഇടവകാംഗവുമായ അഗസ്റ്റിൻ മൂങ്ങാനാനിയിൽ, ജോയി കട്ടക്കയം എന്നിവർ ജനറൽ കൺവീനർമാരായ സമിതിയാണ് കരുതൽ സേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.