സുൽത്താൻ ബത്തേരി: അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി കടന്നുവരുന്നവർ നേരെ ക്വാറന്റൈനിൽ പ്രവേശിക്കാതെ പട്ടണങ്ങളിൽ കറങ്ങി നടക്കുന്നു.
അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾ ഏത് ജില്ലയിലേക്കാണോ, അവിടേക്ക് നേരെ പോയി ക്വാറന്റൈയിനിൽ കഴിയണമെന്നാണ്. വഴിക്ക് എവിടെയും നിറുത്താൻ പാടില്ലെന്നുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം മുത്തങ്ങ വഴി വരുകയും പൊലീസ് സ്റ്റിക്കർ പതിക്കുകയും ചെയ്ത ഒരു വാഹനത്തിലുള്ളവർ നായ്‌ക്കെട്ടിയിലെ കടകളിലും ബീനാച്ചിയിലെ ഒരു ഹോട്ടലിലും കയറിയിറങ്ങി. കണ്ണൂരിലേക്കുള്ള ഒരു കാർ പാർക്കിംഗിന് ശ്രമിച്ചപ്പോൾ നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെ വേഗം സ്ഥലം വിടുകയായിരുന്നു.
പാസിന്റെ ആവശ്യമില്ലാത്തതിനാൽ അയൽസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിലാണ് അവർക്ക് പോകേണ്ട ജില്ല തിരിച്ചറിയുന്ന വിത്യസ്ത നിറങ്ങളിലുള്ള സ്റ്റിക്കർ പതിക്കുന്നത്. ഫെസിലിറ്റേഷൻ സെന്ററിലെ പരിശോധനയ്ക്ക് ശേഷമാണ് സ്റ്റിക്കർ പതിക്കുക. വയനാട്ടിലേക്കുള്ള യാത്രക്കാർ സർക്കാർ ക്വാറന്റൈൻ സെന്ററിലേക്കോ ഹോം ക്വാറന്റൈനിലോ പോകണം. മറ്റ് ജില്ലകളിലേക്ക് പോകേണ്ട യാത്രക്കാർ എവിടെയും വാഹനം നിറുത്താതെ അതാത് ജില്ലകളിലെ ക്വാറന്റൈനിൽ പ്രവേശിക്കണം. എന്നാൽ ഇതൊന്നും പാലിക്കാതെയാണ് ആളുകൾ വാഹനം നിറുത്തി യഥേഷ്ടം കടകളിൽ കയറിയിറങ്ങുന്നത്.
മുത്തങ്ങയിൽ നിന്ന് സ്റ്റിക്കർ പതിച്ച വാഹനങ്ങൾ ബത്തേരി വഴിയാണ് ജില്ലയിലെ മറ്റിടങ്ങളിലേക്കും ജില്ലയ്ക്ക് പുറത്തേക്കും പോകുന്നത്. കഴിഞ്ഞ രണ്ടിന് കോയമ്പത്തൂരിൽ നിന്ന് വന്ന ട്രക്ക് ഡ്രൈവർ ഒരു ഹോട്ടലിലും മൊബൈൽ ഷോപ്പിലും കയറിയിറങ്ങിയ ശേഷമാണ് ക്വാറന്റൈനിൽ പ്രവേശിച്ചത്. ഇയാൾക്ക് പിന്നീട് രോഗം സ്ഥിരികരിച്ചിരുന്നു.