ഗൂഡല്ലൂർ: എസ്.എൻ.ഡി.പി യോഗ നേതൃത്വത്തിനെതിരെയും ജനറൽ സെക്രട്ടറിക്കെതിരെയും നടക്കുന്ന കുപ്രചാരണങ്ങളെ ശ്രീനാരായണിയർ ഒറ്റക്കെട്ടായി നേരിടുമെന്ന് തമിഴ്‌നാട് എസ്.എൻ.ഡി.പി യൂണിയനുകൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. അസത്യപ്രചാരണവുമായി രംഗത്തിറങ്ങിയവരെ ഒറ്റപ്പെടുത്തും.
അനാവശ്യ പ്രചാരണങ്ങളിലൂടെ എസ്.എൻ.ഡി.പി യോഗത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നവരുടെ ലക്ഷ്യം സമുദായത്തിന്റെ പുരോഗതിയല്ല. മറിച്ച്, ചിലരുടെ നിക്ഷിപ്ത താത്പര്യങ്ങളാണ് ഇതിന് പിന്നിൽ.
വീഡിയോ കോൺഫറൻസിംഗ് വഴി ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറിയ്ക്കും മറ്റ് നേതാക്കൾക്കും മുഴുവൻ യൂണിയൻ ഭാരവാഹികളും പൂർണപിന്തുണ അറിയിച്ചു. നീലഗിരി യൂണിയൻ പ്രസിഡന്റ് പീതാംബരൻ, സെക്രട്ടറി ബിന്ദുരാജ്, യോഗം ബോർഡ് മെമ്പർ കെ.വി.അനിൽ, കോയമ്പത്തൂർ യൂണിയൻ സെക്രട്ടറി സുജിത്, കന്യാകുമാരി യൂണിയൻ സെക്രട്ടറി മണികണ്ഠൻ, ചെന്നൈ യൂണിയൻ പ്രതിനിധി ഉണ്ണികൃഷ്ണൻ, ചെന്താമര പൊള്ളാച്ചി എന്നിവർ സംസാരിച്ചു.