കൽപ്പറ്റ: റീസൈക്കിൾ കേരള കാമ്പയിനിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ ജില്ലയിൽ നിന്നു സമാഹരിച്ചത് 21,68,722 രൂപ.

യൂണിറ്റ് തലം വരെ പ്രവർത്തകർ ഈ സംരംഭത്തിൽ പങ്കാളികളായി. വീടുകൾ കയറിയിറങ്ങി പത്രവും പഴയ സാധനങ്ങളും ശേഖരിച്ചും വിവിധ തൊഴിലെടുത്തുമാണ് യുവാക്കൾ പണം കണ്ടെത്തിയത്.

ജില്ലയിൽ ഏറ്റവും കൂടുതൽ തുക നൽകിയ മേഖലകൾ പൊഴുതനയും പൊരുന്നന്നൂരുമാണ്. കൂടുതൽ തുക നൽകിയ യൂണിറ്റ് മേൽമുറിയിലേതും.

പരമാവധി വീടുകളിൽ കൊവിഡ് ബോധവത്കരണം നടത്താനും സാനിറ്റൈസറുകൾ എത്തിക്കാനും ഇതിനിടയ്ക്ക് കഴിഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ ഹാൻഡ് വാഷ് കോർണറുകൾ സ്ഥാപിച്ചു. മാസ്‌കുകളും വിതരണം ചെയ്തു. കോവിഡ് ഭീതിയിലും മരുന്നുകൾ എത്തിച്ച് നൽകുന്നതിലും ആശുപത്രികളിൽ രക്തദാനം നടത്തുന്നതിലും അണുനശീകരണം ഉൾപ്പടെയുള്ള സന്നദ്ധപ്രവർത്തനങ്ങളിലും ഡി.വൈ.എഫ്‌.ഐ സജീവമായിരുന്നു.

തുക ഡി.വൈ.എഫ്‌.ഐ സംസ്ഥാന ട്രഷറർ എസ്.കെ.സജീഷിന് ജില്ലാ സെക്രട്ടറി കെ.റഫീഖ് കൈമാറി. ജില്ലാ പ്രസിഡന്റ് കെ.എം.ഫ്രാൻസിസ്, ട്രഷറർ എം.വി.വിജേഷ് തുടങ്ങിയവർ പങ്കെടുത്തു.