തലപ്പുഴ: തമിഴ്നാട്ടിൽ നിന്ന് ലങ്ക വഴി വയനാട്ടിലെത്തി ജീവിതം തുടരുന്നവരാണ് കമ്പമലയിലുള്ളത്. നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു വലിയ കപ്പലിൽ ആയിരത്തോളം വരുന്ന ഇന്ത്യൻ വംശജർ ശ്രീലങ്കയിൽ നിന്ന് തിരികെ ഇന്ത്യയിലെത്തി. ഇവരിൽ 24 കുടുംബങ്ങളെ പുനരധിവസിപ്പിച്ചത് വയനാട് കമ്പമലയിലെ തേയിലത്തോട്ടത്തിലായിരുന്നു. തമിഴ് സംസാരിച്ചിരുന്ന ഇവരുടെ കുടുംബത്തിലൊരാൾക്ക് തോട്ടത്തിൽ ജോലിയും താമസിക്കാൻ വീടും സർക്കാർ നൽകി. അംഗങ്ങളുടെ എണ്ണം കൂടിയെങ്കിലും ഇവരുടെ വീടുകൾക്കും ജീവിതത്തിനും മാറ്റമൊന്നും ഉണ്ടായില്ല.
കുടുംബാംഗങ്ങളുടെ എണ്ണം മൂന്നും മടങ്ങായിട്ടും, വലിപ്പത്തിൽ ഇതുവരെ ഒരു മാറ്റവും സംഭവിച്ചിട്ടില്ലാത്ത തന്റെ ചെറിയ വീടിന്റെ വരാന്തയിലിരുന്ന് 64 കാരനായ ശരവണമുത്തു ഓർമ്മകൾ ചികഞ്ഞെടുത്തു.
തഞ്ചാവൂർ സ്വദേശികളായിരുന്നു ശരവണമുത്തുവിന്റെ അച്ഛനും അമ്മയും. വെള്ളക്കാർ നാട് ഭരിച്ചിരുന്ന കാലത്ത് ശ്രീലങ്കയിലെ തേയിലത്തോട്ടത്തിൽ ജോലിയെടുക്കാനാണ് അവരെ അങ്ങോട്ട് കൊണ്ടുപോയത്.
സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായ ലാൽ ബഹദൂർ ശാസ്ത്രിയും, പാരമ്പര്യത്തിലൂടെയല്ലാതെ രാജ്യത്തിന്റെ ഭരണാധികാരിയായി മാറിയ ആദ്യ വനിത, അന്നത്തെ ശ്രീലങ്കൻ പ്രധാനമന്ത്രി സിരിമാവോ ഭണ്ഡാരനായകയും ചേർന്ന് ഒപ്പുവെച്ച ഉടമ്പടി പ്രകാരം ഇന്ത്യൻ വംശജരെ തിരികെയെത്തിക്കാൻ തീരുമാനിച്ചു.
1981 ജൂണിലാണ് രണ്ടര മണിക്കൂർ മാത്രം ദൈർഘ്യമുള്ള കപ്പൽ യാത്രയ്ക്ക് ശേഷം ശരവണമുത്തുവും ഭാര്യയും മകളും തമിഴ്നാട്ടിലെ രാമേശ്വരത്തെത്തിയത്. സർക്കാർ മുന്നോട്ട് വെച്ച തൊഴിലിടങ്ങളിൽ അവർക്ക് താത്പര്യമുള്ളത് തിരഞ്ഞെടുക്കാമായിരുന്നു.
തേയിലത്തോട്ടത്തിൽ പണിയെടുത്ത് പരിചയമുള്ളത് കൊണ്ട് അന്നത്തെ 24 കാരൻ യുവാവ് കമ്പമല എസ്റ്റേറ്റ് തിരഞ്ഞെടുത്തു. ഇതുപോലൊരു മഴക്കാലത്ത്, ജൂലൈ 16 നാണ് കമ്പമലയിലെ പണിപൂർത്തിയായിട്ടില്ലാത്ത ലയത്തിൽ ഇവരുടെ കുടുംബം താമസം തുടങ്ങുന്നത്. ശരവണ മുത്തുവിന്റെ കുടുംബത്തിന് കൂട്ടായി 3 ആൺമക്കൾ കൂടി പിറന്നു. അവർ വളർന്നു. അന്നത്തെ 24 കുടുംബങ്ങൾ ഇന്ന് 100 കുടുംബങ്ങളായി. ചിലർ തമിഴ്നാട്ടിലേയ്ക്ക് പോയി. കുറച്ച് പേർ സ്വന്തമായി സ്ഥലമൊക്കെ വാങ്ങി മറ്റിടങ്ങളിൽ താമസിക്കുന്നു. ഈ മാറ്റങ്ങൾക്കെല്ലാമിടയിലും ശരവണമുത്തു, തുടങ്ങിയ ജീവിതം തന്നെ തുടരുകയാണ്.. അതേയിടത്ത്, അതേ വീട്ടിൽ. തന്റെ നിയോഗം ഇതാവാമെന്ന വിശ്വാസത്തിൽ.