കഴിഞ്ഞ തവണ 85.79

ഇത്തവണ വിജയശതമാനം കുറവ്

എ പ്ലസ് നേടിയവരുടെ എണ്ണം 347ൽ നിന്നു 453 ആയി ഉയർന്നു

നാല് വിദ്യാലങ്ങളിൽ നൂറ് മേനി

കൽപറ്റ: പ്ലസ്ടു പരീക്ഷയിൽ വയനാട്ടിൽ 82.97 ശതമാനം വിജയം. പരീക്ഷയെഴുതിയ 9582 പേരിൽ 7950 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. 60 സ്‌കൂളുകളിൽ നിന്നായി 453 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.
അതേസമയം, കഴിഞ്ഞതവണത്തേക്കാൾ ഇത്തവണ വിജയശതമാനം കുറവാണ്. കഴിഞ്ഞ തവണ 85.79 ആയിരുന്നു വിജയശതമാനം. വിജയശതമാനം കുറഞ്ഞെങ്കിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണം 347ൽ നിന്നു 453 ആയി ഉയർന്നു. നൂറുശതമാനം വിജയം നേടിയ സ്‌കൂളുകളുടെ എണ്ണത്തിലും വർധനയുണ്ട്. കഴിഞ്ഞതവണ 2 സ്‌കൂളുകൾക്ക് മാത്രമേ എല്ലാ കുട്ടികളെയും വിജയിപ്പിക്കാനായതെങ്കിൽ ഇക്കുറി 4 സ്‌കൂളുകൾ ആ നേട്ടം കരസ്ഥമാക്കി.
ഓപ്പൺ വിഭാഗത്തിൽ 42.23 ശതമാനമാണ് വിജയം. 1281വിദ്യാർഥികൾ പരീക്ഷയെഴുതിയിൽ 541പേർ ഉന്നത പഠനത്തിന് യോഗ്യത നേടി.


വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പാർട് ഒന്ന്, രണ്ട്, പാർട് ഒന്ന്, രണ്ട്, മൂന്ന് വിഭാഗങ്ങളിലായി സംസ്ഥാനത്ത് ഏറ്റവും ഉയർന്ന വിജയശതമാനം നേടി വയനാട്. പാർട് ഒന്ന്, രണ്ട് വിഭാഗത്തിൽ 88.29 ശതമാനവും പാർട് ഒന്ന്, രണ്ട്, മൂന്ന് വിഭാഗത്തിൽ 83.98 ശതമാനവുമാണു വിജയം. ആകെ 649 വിദ്യാർഥികളാണു പരീക്ഷയെഴുതിയത്. ഇതിൽ 573 പേർ പാർട് ഒന്ന്, രണ്ട് വിഭാഗത്തിലും 545 പേർ പാർട് ഒന്ന്, രണ്ട്, മൂന്ന് വിഭാഗത്തിലും യോഗ്യത നേടി.