v
പുൽപ്പള്ളി ആശ്രമക്കൊല്ലിയിലെ വാത്മീകി ആശ്രമം

പുൽപ്പളളി: രാമായണമെന്ന മഹാകാവ്യത്തിന്റെ പുണ്യം നിറഞ്ഞ ഇടമാണ് പുൽപ്പള്ളിയിലെ വാത്മീകി ആശ്രമം. വിശ്വാസവും സാഹിത്യവും ഇഴചേർന്ന് നിൽക്കുന്ന സ്ഥാനം. രാമൻ ഉപേക്ഷിച്ച സീത അഭയം തേടിച്ചെന്ന വാത്മീകി മഹർഷിയുടെ ആശ്രമത്തിലാണ് ലവനും കുശനും ജനിച്ചതെന്നാണ് ഐതിഹ്യം. മഹാകാവ്യമായ രാമായണം പിറന്നതും ഇതേ ആശ്രമത്തിലാവാം.

മുളയും മണ്ണും ഉപയോഗിച്ച് നിർമ്മിച്ച് ദർഭപുല്ല് മേഞ്ഞ പർണ്ണാശ്രമം ഇപ്പോഴും ഇവിടെയുണ്ട്. രണ്ട് ദേവമന്ദാരങ്ങൾ ആശ്രമത്തിന് തണൽ വിരിച്ച് നിൽക്കുന്നു. പുല്ലുകൊണ്ടുള്ള പള്ളി എന്നത് പുൽപ്പള്ളിയായെന്നാണ് വിശ്വാസം. ആശ്രമത്തിനടുത്തെ സീതാലയമെന്ന വീട്ടിലെ 85കാരി കല്ലമ്മയാണ് നിത്യവും ആശ്രമത്തിൽ വിളക്ക് വയ്ക്കുന്നത്.കൊവിഡ് കാലത്തും അത് മുടങ്ങിയില്ല. വർഷത്തിൽ വിഷു കഴിഞ്ഞ് ഏഴാം നാൾ ഇവിടെ പൂജയുണ്ട്. ആ സമയത്ത് മാടപ്പള്ളി തറവാട്ടിലെ കാട്ടുനായ്ക്കരെത്തി ആശ്രമം പുതുക്കിപ്പണിയും. കാട്ടിൽ നിന്ന് വെട്ടിക്കൊണ്ട് വന്ന ദർഭ പുല്ലുകളാണ് ആശ്രമം മേയാൻ ഉപയോഗിക്കുക. വിശ്വാസത്തിനും സാഹിത്യത്തിനുമപ്പുറം വാമൊഴിയായി തലമുറകൾ കൈമാറുന്ന മറ്റൊരു കഥ കൂടിയുണ്ട്. തറവാട്ടിലെ മൂപ്പൻ കന്നുകാലികളെ മേയ്ക്കാൻ പോയപ്പോൾ ആശ്രമമുള്ളിടത്ത് ഒരമ്മയേയും രണ്ട് ആൺകുഞ്ഞുങ്ങളെയും കണ്ടുവെന്നും തങ്ങൾക്ക് താമസിയ്ക്കാൻ ഒരു കുടിലുണ്ടാക്കിത്തരാൻ അമ്മ മുപ്പനോടാവശ്യപ്പെട്ടതായും ആദ്യം ഭയന്നോടിയെങ്കിലും രണ്ടാംനാൾ മൂപ്പൻ ദർഭ മേഞ്ഞ് കുടിലുണ്ടാക്കി നൽകിയെന്നുമാണ് കഥ. മാടമുണ്ടാക്കി നൽകിയ മൂപ്പന്റെ കുടുംബം പിന്നീട് മാടപ്പള്ളിക്കാരെന്നറിയപ്പെട്ടു. ഇവരുടെ ഭാഷയിൽ സീത അമ്മയും മുനി കുമാരൻമാർ മുരിക്കന്മാരുമാണ്. ആശ്രമത്തിന് സമീപത്തെ മുനിപ്പാറയും രാമായണവുമായി ബന്ധപ്പെട്ട് കിടക്കുന്നു