മാനന്തവാടി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും പ്രളയ പ്രതിരോധപ്രവർത്തനങ്ങളും ശക്തമാക്കുന്നതിന് മാനന്തവാടി മണ്ഡലതല ജാഗ്രതാ സമിതി രൂപീകരിച്ചു. കളക്ടേറ്റിൽ ഗതാഗത മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനപ്രകാരമാണ് ഒ.ആർ.കേളു എം.എൽ.എ ജാഗ്രതാ യോഗം വിളിച്ച് ചേർത്തത്
പഞ്ചായത്ത്തല ജാഗ്രതാ സമിതികളും വാർഡുതല ജാഗ്രതാ സമിതികളും കൂടുതൽ ശക്തിപ്പെടുത്തും. പഞ്ചായത്ത് തല ജാഗ്രതാ സമിതികൾ എല്ലാ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും യോഗം ചേർന്ന് സ്ഥിതിഗതികൾ അവലോകനം ചെയ്യും. എല്ലാ തിങ്കളാഴ്ചയും രാവിലെ വാർഡ് തല സമിതികൾ ചേർന്ന് പ്രദേശത്തെ വിഷയങ്ങൾ പഞ്ചായത്ത്തല ജാഗ്രതാ സമിതികൾക്ക് സമർപ്പിക്കും. പഞ്ചായത്ത് തലത്തിൽ തുടങ്ങുന്ന സിഎഫ്എൽടി സെന്ററുകളെ സംബന്ധിച്ചും നടത്തിപ്പുമെല്ലാം ബന്ധപ്പെട്ട പഞ്ചായത്ത്‌വാർഡ്തല ജാഗ്രതാസമിതികളുടെ നേതൃത്വത്തിൽ നടത്തും. മണ്ഡലത്തിലെ ജാഗ്രതാസമിതി ചെയർമാനായി ഒ.ആർ കേളു, കൺവീനറായി മാനന്തവാടി തഹസിൽദാർ ജോസ്‌പോൾ ചിറ്റിലപ്പള്ളി എന്നിവർ പ്രവർത്തിക്കും.
ഡിവൈ.എസ്.പി എ.ടി ചന്ദ്രൻ, ഡെപ്യൂട്ടി ഡിഎംഒ ഡോ.നൂന മെർജ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ സീനിയർ സൂപ്രണ്ട് പി സന്തോഷ് കുമാർ, ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസർ ജി. പ്രമോദ് എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
മണ്ഡലത്തിലെ വ്യാപാരിവ്യവസായി നേതാക്കളുടേയും പൊതുസ്ഥാപനങ്ങളിലെ അധികാരികളുടെയും യോഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിളിച്ച് ചേർക്കും.