ആദ്യ ദിനം പ്ലാസ്മ നൽകാനെത്തിയത് 7 പേർ
മാനന്തവാടി: കൊവിഡ് ചികിത്സാരംഗത്ത് ഏറെ പ്രയോജനകരമായ, രോഗമുക്തരുടെ പ്ലാസ്മ ശേഖരിച്ച് കൊവിഡ് രോഗികൾക്ക് നൽകുന്ന പ്ലാസ്മ ബാങ്കിന് മാനന്തവാടി ജില്ലാ ആശുപത്രിയിലെ
ബ്ലഡ് ബാങ്കിൽ തുടക്കമായി. ജില്ലയിൽ ആദ്യമായി കൊവിഡ് വിമുക്തനായ വ്യക്തിയടക്കം ഏഴ് പേർ ആദ്യദിവസം തന്നെ രക്തം ദാനം ചെയ്യാനെത്തി. ഇവരെ പൂച്ചെണ്ട് നൽകി ആരോഗ്യ വകുപ്പ് അധികൃതർ വരവേറ്റു.
കേരളത്തിലെ ജില്ലാ ആശുപത്രികളിൽ ഇവിടെയാണ് ആദ്യമായി ഈ സംവിധാനം ഒരുക്കുന്നത്. നേരത്തെ മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ പ്ലാസ്മ ബാങ്ക് പ്രവർത്തനം തുടങ്ങിയിരുന്നു.
ഏപ്രിൽ എട്ടിന് ഡിസ്ചാർജ് ചെയ്യപ്പെട്ട തൊണ്ടർനാട് സ്വദേശി ആലിക്കുട്ടി (51), കമ്പളക്കാട് സ്വദേശി റസാക്ക് (56), ഏപ്രിൽ 25 ന് ഡിസ്ചാർജ് ചെയ്യപ്പെട്ട മൂപ്പൈനാട് സ്വദേശി അൻഷാദ് (29), പള്ളിക്കുന്ന് സ്വദേശികളായ ഷാജു (52), ലീലാമ്മ (49), സനിൽ (27), മേയ് 21 ന് ഡിസ്ചാർജ് ചെയ്യപ്പെട്ട മാനന്തവാടി പൊലീസ് സ്‌റ്റേഷനിലെ പൊലീസ് ഓഫീസർ മെർവിൻ (44) എന്നിവരാണ് സ്വയംസന്നദ്ധരായി കൊവിഡ് പ്രതിരോധത്തിന്റെ മുന്നണിപ്പോരാളികളാകാൻ എത്തിയത്.
പ്ലാസ്മ ശേഖരിക്കാനായി ജില്ലാ ആശുപത്രിയിൽ ഒരുക്കിയ രക്തദാന ക്യാമ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ആർ. രേണുക ഉദ്ഘാടനം ചെയ്തു. ജില്ലാ കൊവിഡ് നോഡൽ ഓഫിസർ ഡോ. പി. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. നൂനമർജ, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ബിനിജ ജോയി, ആർ.എം.ഒ ഡോ.സി സക്കീർ, ഇ.എൻ.ടി സ്‌പെഷ്യലിസ്റ്റ് ഡോ. കെ.വി രാജൻ, ജില്ലാ മാസ് മീഡിയ ഓഫീസർ കെ. ഇബ്രാഹിം തുടങ്ങിയവർ സംബന്ധിച്ചു.
പ്ലാസ്മ തെറാപ്പി
കൊവിഡിൽ നിന്ന് പരിപൂർണമായി മുക്തി നേടിയവരുടെ രക്തത്തിൽ രോഗത്തിനെതിരായ ആന്റിബോഡി ഘടകങ്ങളുണ്ടാകും. പ്ലാസ്മയിലാണ് അതുണ്ടാവുക. രോഗമുക്തരുടെ രക്തം പ്ലാസ്മ ഫെറസിസ് മെഷീനിലൂടെ കടത്തിവിട്ട് രക്തകോശങ്ങളെ പ്ലാസ്മയിൽ നിന്ന് വേർതിരിക്കും. ഇവ ശീതീകരിച്ചു സൂക്ഷിക്കാം. ഇങ്ങനെ വേർതിരിച്ചെടുക്കുന്ന പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സയാണ് കോൺവാലസന്റ് പ്ലാസ്മ തെറാപ്പി.
രോഗമുക്തരായ വ്യക്തികളിൽ നിന്ന് മാത്രമേ ആന്റി ബോഡി ലഭ്യമാവുകയുള്ളു. കൊവിഡ് പൂർണമായി ഭേദമായവരിൽ നിന്ന് 28 ദിവസത്തിനും നാല് മാസത്തിനും ഇടയിലാണ് രക്തം ശേഖരിക്കുന്നത്. ഇവരുടെ രക്തത്തിൽ നിന്ന് വേർതിരിക്കുന്ന പ്ലാസ്മ നിലവിൽ കൊവിഡ് പോസറ്റീവീയവർക്ക് നൽകും.
മറ്റു ചികിത്സകളേക്കാൾ കോൺവാലസന്റ് പ്ലാസ്മ തെറാപ്പി കൊവിഡ് ചികിത്സയിൽ ഗുണകരമായ മാറ്റമുണ്ടാക്കുമെന്ന് ഡി.എം.ഒ പറഞ്ഞു.
കൊവിഡ് ഒരാൾക്ക് കൂടി
കൽപ്പറ്റ: ജില്ലയിൽ ഇന്നലെ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 269 ആയി. രോഗമുക്തരായത് 109 പേരാണ്.
ജൂലായ് 14ന് ബംഗളൂരുവിൽ നിന്നു വന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ചെന്നലോട് സ്വദേശിയായ 40കാരനാണ് വൈറസ് ബാധ.
നിലവിൽ രോഗബാധിതരായി 159 പേർ ചികിത്സയിലുണ്ട്. ഇതിൽ 154 പേർ ജില്ലയിലും രണ്ട് പേർ കോഴിക്കോടും ഓരോരുത്തർ വീതം തിരുവനന്തപുരം, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിലുമാണ് ചികിത്സയിൽ കഴിയുന്നത്.
ഇന്നലെ പുതുതായി 165 പേർ നിരീക്ഷണത്തിലായി. 311 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 3296 പേരാണ്.
ജില്ലയിൽ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 12,995 സാമ്പിളുകളിൽ 11,340 പേരുടെ ഫലം ലഭിച്ചു. ഇതിൽ 11071 നെഗറ്റീവും 269 പോസിറ്റീവുമാണ്.