cks
മേപ്പാടി നത്തംകുനിയിലെ കെജിഒഎയുടെ സ്‌നേഹവീടിന്റെ താക്കോൽ സി കെ ശശീന്ദ്രൻ എംഎൽഎ കൈമാറുന്നു

മേപ്പാടി: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മീനങ്ങാടിയിൽ മേയിൽ നടത്താൻ നിശ്ചയിച്ചിരുന്നതിനോടനുബന്ധിച്ച് ജില്ലയിലെ മൂന്നു താലൂക്കുകളിലുമായി നിർമ്മിക്കുന്ന പത്ത് സ്നേഹവീടുകളിൽ വൈത്തിരി, മേപ്പാടി പഞ്ചായത്തുകളിലെ വീടുകളുടെ താക്കോൽ കൈമാറി.

കൊവിഡ് പശ്ചാത്തലത്തിൽ സമ്മേളനം മാറ്റിവെക്കേണ്ടിവരികയായിരുന്നു. ലോക്ക്ഡൗണിന്റെ ഭാഗമായി വീടുകളുടെ നിർമ്മാണ പ്രവൃത്തി രണ്ടു മാസത്തോളം നിറുത്തിവെക്കേണ്ടിയും വന്നു. മീനങ്ങാടിയിലേതുൾപ്പെടെ ഇതിനകം മൂന്നു വീടുകളാണ് താമസ സജ്ജമായത്. ഒരു മാസത്തിനകം എല്ലാ വീടുകളുടെയും പണി പൂർത്തിയാവുമെന്ന് കെ ജി ഒ എ ഭാരവാഹികൾ അറിയിച്ചു.

വൈത്തിരി പഞ്ചായത്തിൽ പഴയ വൈത്തിരിയിലെ മുള്ളൻപാറ മിനുപ്രസാദിനും കുടുംബത്തിനുമായി പണിത വീടിന്റെ താക്കോൽദാനം സി പി എം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ നിർവഹിച്ചു. നിർമ്മാണ നിർവഹണ സമിതി ചെയർപേഴ്‌സൺ കൂടിയായ വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വി ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. സി എച്ച് മമ്മി, കെ പി രാമചന്ദ്രൻ, എസ് ചിത്രകുമാർ, ഇ കെ ബിജുജൻ, നിർമ്മാണ കമ്മിറ്റി കൺവീനർ എം സജീർ എന്നിവർ സംസാരിച്ചു .കെ ജി ഒ എ ജില്ലാ സെക്രട്ടറി എ ടി ഷൺമുഖൻ
സ്വാഗതവും വർക്കിംഗ് ചെയർമാൻ എൻ കെ ബാബു നന്ദിയും പറഞ്ഞു.

മേപ്പാടി പഞ്ചായത്തിലെ നത്തംകുനിയിൽ തൃക്കൈപ്പറ്റ ചുണ്ടേതൊടിയിൽ രാജുവിനും കുടുംബത്തിനുമായി പണിത വീടിന്റെ താക്കോൽദാനം സി കെ ശശീന്ദ്രൻ എം എൽ എ നിർവഹിച്ചു. നിർമ്മാണ നിർവഹണ സമിതി ചെയർമാനായ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദ് അദ്ധ്യക്ഷനായിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രശേഖരൻ തമ്പി,
വാർഡ് മെമ്പർ ബെന്നി പീറ്റർ, ആരോട രാമചന്ദ്രൻ, കെ ജി ഒ എ ജില്ലാ സെക്രട്ടറി എ ടി ഷൺമുഖൻ, ഇ കെ ബിജുജൻ എന്നിവർ സംസാരിച്ചു. നിർമ്മാണ കമ്മിറ്റി കൺവീനർ ഒ വി വിൽസൻ സ്വാഗതവും കെ ജെ അനീഷ് നന്ദിയും പറഞ്ഞു.