സുൽത്താൻ ബത്തേരി: ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി മുൻ ഡയറക്ടറും വയനാട്ടിലെ രാഷ്ട്രീയ - കർഷക പ്രസ്ഥാന നേതാവുമായിരുന്ന എം. വേലായുധനെ അനുസ്മരിച്ചുള്ള ദ്വിദിന വെബിനാർ 25, 26 തീയതികളിൽ നടക്കും. 'സുഭിക്ഷ കേരളം പദ്ധതിയും ആധുനിക സഹകരണ കൃഷിയുടെ പ്രാധാന്യവും' എന്ന വിഷയത്തിൽ ഒരുക്കുന്ന വെബിനാർ രാവിലെ 11ന് മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സി.കെ. ശശീന്ദ്രൻ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തും. ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി ചെയർമാൻ പി. കൃഷ്ണപ്രസാദ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, സഹകരണ ബാങ്ക് പ്രസിഡന്റുമാർ, ക്ഷീരസംഘം പ്രസിഡന്റുമാർ, കർഷക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ വിവിധ സെഷനുകളിലായി വെബിനാറിൽ പങ്കെടുക്കും.
25 ന് ഉച്ചയ്ക്ക് 2.30 ന് 'കാർഷികാസൂത്രണവും മൂലധനവും - സഹകരണ മേഖലയുടെ പ്രാധാന്യം' എന്ന വിഷയത്തിൽ നടക്കുന്ന വെബിനാർ മുൻ എം.പി കെ.എൻ ബാലഗോപാലൻ ഉദ്ഘാടനം ചെയ്യും. 26 രാവിലെ 10.30 ന് 'സുഭിക്ഷ കേരളം പദ്ധതി - കാർഷികാസൂത്രണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും' വെബിനാർ ഒ.ആർ. കേളു എം.എൽ.എ. ഉദ്ഘാടനം ചെയ്യും. തുടർന്ന് ഉച്ചക്ക് 2 ന് ' കൃഷിയുടെ കോർപ്പറേറ്റ്‌വത്ക്കരണം - ബദൽ വിപണി സാധ്യതകൾ' വെബിനാറിൽ ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി ചെയർമാൻ പി. കൃഷ്ണപ്രസാദ് വിഷയം അവതരിപ്പിക്കും.
വയനാട്ടിലെ കാർഷിക മന്നേറ്റത്തിന് നേതൃത്വം നൽകിയ എം. വേലായുധൻ അറിയപ്പെടുന്ന സഹകാരിയും രാഷ്ട്രീയ - സാമൂഹിക - സാംസ്‌കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവുമായിരുന്നു. ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയുടെ ജനകീയ പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട് അദ്ദേഹം.