കൽപറ്റ: കോഴിക്കോടിനെ കർണാടകയിലെ കൊല്ലേഗലുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 766 ലെ രാത്രിയാത്ര നിരോധനം നീക്കിക്കിട്ടാൻ ഒരു ദശാബ്ദത്തിലേറെയായി നടന്നുവരുന്ന നിയമയുദ്ധവും നിരന്തര ജനകീയ പ്രക്ഷോഭങ്ങളും വെറുതെയാകുമോ എന്ന ആശങ്കയേറുന്നു.
മലപ്പുറം - മാനന്തവാടി - ഗോണിക്കുപ്പ - മൈസൂരു ദേശീയപാത പദ്ധതിയുമായി നാഷണൽ ഹൈവേ അതോറിറ്റി തിടുക്കത്തിൽ മുന്നോട്ടുനീങ്ങുന്നത് ദേശീയപാത 766 വൈകാതെ പൂർണമായും അടച്ചുപൂട്ടുമെന്നതിന്റെ സൂചനയായി കാണുകയാണ് വയനാട്ടുകാർ. രാത്രാനിരോധനവുമായി ബന്ധപ്പെട്ട കേസ് വർഷങ്ങളായി സുപ്രീം കോടതിൽ തീർപ്പു കാത്തുകിടക്കുകയാണ്. കേസ് 2019 ആഗസ്റ്റ് ഏഴിനു പരിഗണിക്കവെ ദേശീയപാത 766 അടച്ചുപൂട്ടാനും ബദൽപാത വികസിപ്പിക്കുന്നതിനുമുള്ള സാദ്ധ്യത സുപ്രീം കോടതി ആരാഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേസ് മന്ത്രാലയം ചീഫ് എൻജിനിയർ സൂപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ദേശീയപാത 766ലെ രാത്രിയാത്രാനിരോധനം ഹുൻസൂർ ഗോണിക്കുപ്പ - കുട്ട - മാനന്തവാടി റോഡ് ദേശീയപാത നിലവാരത്തിൽ വികസിപ്പിച്ചാൽ മറികടക്കാമെന്ന് അറിയിച്ചതാണ്. ഇതോടെ ദേശീയപാത 766ലെ സമ്പൂർണ സഞ്ചാരസ്വാതന്ത്ര്യത്തിനായി വാദിക്കുന്നവരുടെ മനസിൽ ഇതോടെ ആകെ തടസ്സത്തിന്റെ കരിനീഴൽ വീണുകഴിഞ്ഞു.
ദേശീയപാത അതോറിറ്റി ഭാരത്‌മാല പദ്ധതിയിലാണ് മലപ്പുറം - മാനന്തവാടി - ഗോണിക്കുപ്പ - മൈസൂരു ദേശീയപാത വിഭാവനം ചെയ്തിരിക്കുന്നത്. 266 കിലോമീറ്ററാണ് നിർദ്ദിഷ്ട പാതയുടെ ദൈർഘ്യം. ഇതിൽ 143 കിലോമീറ്ററും കേരളത്തിലാണ്. 123 കിലോമീറ്റർ കർണാടക പരിധിയിലും.
മലപ്പുറം - മൈസൂരു ദേശീയപാത എൻ.എച്ച് 766നു ഒരു തരത്തിലും ബദലാകില്ലെന്നു നീലഗിരി വയനാട് നാഷണൽ ഹൈവേ ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റി കൺവീനർ അഡ്വ.ടി.എം.റഷീദ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പാതകളിലൊന്നാണ് കോഴിക്കോടു നിന്നു ബത്തേരി വഴി മൈസൂരുവിലേക്ക് നീളുന്ന റോഡ്. ഏഴു നൂറ്റാണ്ടുകൾ മുമ്പ് ജൈനർ ഗതാഗതത്തിനു ഉപയോഗിച്ചതും പിൽക്കാലത്തു ടിപ്പു സുൽത്താൻ വികസിപ്പിച്ചതുമായ കാട്ടുവഴിയാണ് ഇന്നത്തെ ദേശീയപാത 766. നേരത്തെ വി.പി.സിംഗ് സർക്കാരിൽ കേരളത്തിൽ നിന്നുള്ള കെ.പി.ഉണ്ണികൃഷ്ണൻ ഉപരിതല ഗതാഗതമന്ത്രിയായിരിക്കെയാണ് കോഴിക്കോട് - കൊല്ലേഗൽ റോഡിനു ദേശീയപാത പദവിയായത്. ബന്ദിപ്പുര കടുവാ സങ്കേതത്തിലുടെ കടന്നുപോകുന്ന പാതയിൽ വന്യജീവികളുടെ സുരക്ഷ മുൻനിറുത്തി 2009 ജൂണിൽ അന്നത്തെ ചാമരാജ്‌നഗർ ഡെപ്യൂട്ടി കമ്മിഷണർ രാത്രിയാത്രാ നിരോധനം ന
പ്പാക്കുകയായിരുന്നു. ഇതിനെതിരായ ഹരജികൾ 2010ൽ കർണാടക ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. തുടർന്നു കേരള സർക്കാരും ആക്ഷൻ കമ്മിറ്റിയും മറ്റും സമർപ്പിച്ച ഹരജികളാണ് സൂപ്രീം കോടതിയിലുള്ളത്.
മലപ്പുറത്തു നിന്ന് മൈസൂരുവിലേക്കുള്ള എളുപ്പവഴി ദേശീയപാത 766 തന്നെയാണ്. ഇതിനു പകരമായി മൈസൂരുവിൽ നിന്നു മാനന്തവാടി, കൽപറ്റ, തിരുവമ്പാടി, കൊടുവള്ളി നിയോജകമണ്ഡലങ്ങളിലെ ഉൾപ്രദേശങ്ങളിലൂടെ മലപ്പുറത്തേക്ക് ദേശീയപാത നിർമിക്കാനുള്ള നീക്കത്തിനു പിന്നിൽ നിക്ഷിപ്തതാത്പര്യങ്ങളാണെന്നു റഷീദ് പറഞ്ഞു. ബന്ദിപ്പുര വനമേഖലയിൽ മേൽപ്പാലങ്ങളും ജൈവപാലങ്ങളും നിർമ്മിച്ചോ നാറ്റ്പാക് ശുപാർശ ചെയ്ത വള്ളുവാടി ചിക്കബർഗി ബൈപാസ് യാഥാർത്ഥ്യമാക്കിയോ വേണം ദേശീയപാത 766ലെ രാത്രിയാത്രാനിരോധനപ്രശ്‌നം പരിഹരിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വയനാടിനെക്കുറിച്ചും കർണാടകയിലെ ഗുണ്ടൽപേട്ട, നഞ്ചൻഗോഡ് തുടങ്ങിയ പ്രദേശങ്ങളെക്കുറിച്ചും ധാരണയില്ലാത്തവരാണ് മലപ്പുറം - മൈസൂരു നാഷണൽ ഹൈവേ നിർദ്ദേശിച്ചതെന്നു കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ജെ.ദേവസ്യ പറഞ്ഞു. ഈ പദ്ധതി കേന്ദ്ര സർക്കാർ തള്ളിക്കളയണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.