മാനന്തവാടി: അടിമുടി മാറാനൊരുങ്ങുകയാണ് മാനന്തവാടി പഴശ്ശി ചിൽഡ്രൻസ് പാർക്ക്. വിനോദ സഞ്ചാര വകുപ്പ് അനുവദിച്ച 2 കോടി രൂപ ഉപയോഗിച്ചുള്ള രണ്ടാംഘട്ട നവീകരണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. പണി പൂർത്തിയാകുന്നതോടെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഈ പാർക്ക് മാറും.
വനം വകുപ്പിൽ നിന്ന് ഡി ടി പി സി പാർക്ക് ഏറ്റെടുത്തത് 1994 ലാണ്. പുഴയോരത്തെ പാർക്ക് കുറച്ച് വർഷങ്ങൾ പിന്നിട്ടപ്പോഴേക്കും ആരും തിരിഞ്ഞുനോക്കാത്ത പരുവത്തിലാവുകയായിരുന്നു. നവീകരണത്തിനു ശേഷം 2018 ഡിസംബറിലാണ് തുറന്നത്. കഴിഞ്ഞ വർഷം 60,000 പേർ പാർക്ക് സന്ദർശിച്ചതായാണ് കണക്ക്. പ്രവേശന ഫീസ്, ബോട്ടിംഗ്, കാമറ ചാർജ് എന്നീ ഇനങ്ങളിലായി 13,24,177 രൂപ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് വരുമാനമായി ലഭിച്ചു.
പത്ത് ഹൈമാസ്റ്റ് ലൈറ്റ് ഉൾപ്പെടെ 110 വിളക്കുകൾ പാർക്കിൽ സ്ഥാപിക്കുന്നുണ്ട്. ഇതോടെ രാത്രി 10 മണി വരെ പാർക്ക് പൊതുജനത്തിനായി തുറന്ന് കൊടുക്കാൻ കഴിയുമെന്ന് മാനേജർ ബൈജു പറഞ്ഞു. ഐസ് ക്രീം പാർലർ, കളിപ്പാട്ടങ്ങൾ, ഫുഡ് കോർട്ട് എന്നിവയ്ക്കായി 5 കിയോസ്‌കുകളുണ്ടാവും പാർക്കിൽ.
സെവൻസ് ടർഫ് കോർട്ട്, ക്രിക്കറ്റ് നെറ്റ് പരിശിലനത്തിനുള്ള പിച്ച് എന്നിവയും സജ്ജീകരിക്കുന്നുണ്ട്. ഓപ്പൺ ജിംനേഷ്യം, ജോഗിംഗിനായുള്ള അത്‌ലറ്റിക് പാർക്ക് എന്നീ സൗകര്യങ്ങളുണ്ടാവും. നാലു ഏക്കറിൽ പുൽതകിടി വെച്ച് പിടിപ്പിക്കും. പുഴയുടെ തീരത്ത് 400 മീറ്ററിൽ സംരക്ഷണഭിത്തി കെട്ടുന്നുണ്ട്. മനോഹരമായ ലാൻഡ് സ്‌കേപ്പിംഗും ഒരുക്കും. വിപുലമായ സൗകര്യങ്ങളുണ്ടാവും ബോട്ട് ജെട്ടിയിൽ.
സന്ദർശകർക്ക് ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കും. 10 ലക്ഷം ബഫല്ലോ പുല്ലുകൾ വെച്ച് പിടിപിക്കും. കിഡ്‌സ് പാർക്ക്, ചിൽഡ്രൻസ് പാർക്ക് എന്നിവയും നവീകരിക്കും. സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കും. പാർക്കിൽ സി സി ടി വി കാമറകൾ സ്ഥാപിക്കും. എം എൽ എ യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് ഉൾപ്പെടുത്തി നാലുകെട്ട് മാതൃകയിൽ കളിയരങ്ങ് ഓപ്പൺ സ്‌റ്റേജ് ഉയരും.