ലിയോ ഹോസ്പിറ്റലിന് 38
കൽപ്പറ്റ: വയനാട്ടിലെ ജനകീയ ഡോക്ടർ ടി.പി.വി.സുരേന്ദ്രന് ഇന്ന് എൺപതാം പിറന്നാൾ. തന്റെ ജന്മനക്ഷത്രമായ ലിയോയിൽ സ്ഥാപിച്ച കൽപ്പറ്റയിലെ ലിയോ ഹോസ്പിറ്റലിന് 38 വർഷവും തികയുന്നു.
ഡോ.തച്ചോളി പാലോളി വരപ്പുറത്ത് സുരേന്ദ്രൻ ഡോക്ടറായി പ്രാക്ടീസ് തുടങ്ങിയിട്ട് 54 വർഷമായി. അതിൽ 40 വർഷവും വയനാട്ടിൽ തന്നെ. സാധാരണക്കാരുടെ സ്വന്തം ഡോക്ടറെന്ന നിലയിൽ ജില്ലയ്ക്കു പുറത്തു നിന്നും രോഗികൾ ഇദ്ദേഹത്തെ തേടിയെത്താറുണ്ട്.
ടി.പി.വി കുഞ്ഞിക്കണ്ണൻ മാസ്റ്റർ - പാഞ്ചാലി ടീച്ചർ ദമ്പതികളുടെ ആറു മക്കളിൽ രണ്ടാമനാണ് ഡോ.സുരേന്ദ്രൻ. അമ്മ തലശ്ശേരി പാട്യത്ത് 18 വർഷം പഞ്ചായത്ത് മെമ്പറായിരുന്നു. അച്ഛൻ പാലോളി തറവാട്ടുകാരനാണ്. അമ്മ തച്ചോളി തറവാട്ടിലും.
പാട്യം യു.പി സ്കൂളിലായിരുന്നു ഡോ.സുരേന്ദ്രന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് കതിരൂർ ബോർഡ് ഹൈസ്കൂളിൽ. പ്രീഡിഗ്രിയ്ക്ക് ദേവഗിരി കോളേജിലെത്തി. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ നാലാമത്തെ ബാച്ചിൽ പ്രവേശനം നേടി. 1960ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ ട്യൂട്ടറായി നിയമനം. പിന്നീട് മാനന്തവാടി ഗവ. ആശുപത്രിയിൽ എത്തി. കുറച്ച് കാലം പൊരുന്നന്നൂർ പി. എച്ച്. സിയിലും പ്രവർത്തിച്ചു. തലശ്ശേരി ഹോസ്പിറ്റലിലേക്ക് മാറ്റം കിട്ടിയ ശേഷം അവിടെ മൂന്ന് വർഷം.തലശ്ശേരിയിലെ വസ്ത്ര വ്യാപാരിയായിരുന്ന പി.കെ.കൃഷ്ണന്റെ മകൾ സുമ (ബേബി) യുമായുള്ള വിവാഹം 1967-ലായിരുന്നു.
ഇരിക്കൂർ, കുറ്റ്യാടി, കൽപ്പറ്റ ഗവ. ആശുപത്രികളിലും പ്രവർത്തിച്ചിരുന്നു. കൽപ്പറ്റയിൽ തന്നെ നാലു വർഷം. 1981ൽ രാഷ്ട്രീയ ഇടപെടലിലൂടെ നിർബന്ധിത ട്രാൻസ്‌ഫർ ഉത്തരവ് വന്നപ്പോൾ സ്വകാര്യ മേഖലയിലേക്ക് മാറാൻ നിർബന്ധിതനാവുകയായിരുന്നു.
ലിയോ ഹോസ്പിറ്റലിന്റെ തുടക്കം 1982-ലാണ്. ഇന്നിപ്പോൾ ജില്ലയിൽ ഏറ്റവും സൗകര്യമുളള ആതുരാലയമായി ലിയോ ഹോസ്പിറ്റൽ വളർന്നിരിക്കുകയാണ്. മക്കളായ ഡോ.സാജിത് സുരേന്ദ്രൻ, ഡോ. ആദർശ് സുരേന്ദ്രൻ എന്നിവർ ഒപ്പം തന്നെയുണ്ട്.