കൽപ്പറ്റ: വയനാട്ടിൽ എസ്.എഫ്.ഐക്ക് സ്വന്തമായി ഒരു ഒാഫീസ്, അതും ഇരുനിലയിൽ. അഭിമന്യു സ്മാരകമായി ഉയരുന്ന കെട്ടിടം പടുക്കുന്ന തിരക്കിലാണ് വിദ്യാർത്ഥിക്കൂട്ടം. ജില്ലയിലെ എസ്. എഫ്. ഐ പ്രവർത്തകർ പിരിവെടുത്തും ചുമടെടുത്തും, കൂലിവേല ചെയ്തും പണം സ്വരൂപിച്ചാണ് കെട്ടിടം പണിയൽ. ബിരിയാണി ചാലഞ്ച്, ഉണ്ണിയപ്പം വിൽക്കൽ, പായസം വിൽക്കൽ, മരം കയറൽ, വസ്ത്ര വിൽപ്പന ... അങ്ങനെയും പണം കണ്ടെത്തി. എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്. കൽപ്പറ്റയുടെ ഹൃദയ ഭാഗത്ത് ഒരു നില പൂർത്തിയായി. വിദഗ്ധ തൊഴിൽ ഒഴികെ ഏരിയാ കമ്മിറ്റി തിരിച്ച് വിദ്യാർത്ഥികൾ തന്നെയാണ് നിർമ്മാണം പ്രവൃത്തി ചെയ്യുന്നത്. ജില്ലാ പ്രസിഡന്റ് അജ്നാസ് അഹമ്മദ്, സെക്രട്ടറി ജോബിസൻ ജെയിംസ്, സംസ്ഥാന കമ്മിറ്റി അംഗം എൻ. എസ് .വൈഷ്ണവി എന്നിവരുടെ നേതൃത്വത്തിലാണ് ധീര രക്തസാക്ഷിയുടെ ഓർമ്മകൾക്ക് ജീവൻ നൽകുന്നത്. പതിനെട്ട് ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. ഇതിൽ ഏഴ് ലക്ഷം രൂപ വിദ്യാർത്ഥികൾ കൂലിവേല ചെയ്ത് സമ്പാദിച്ചു കഴിഞ്ഞു. കെട്ടിടത്തിന്റെ മുകൾനില സ്റ്റുഡന്റ് സെന്ററായും താഴെ കർഷക പ്രസ്ഥാനങ്ങൾക്കും നൽകും. പാർട്ടിയെയും കർഷക പ്രസ്ഥാനത്തെയും ദീർഘകാലം നയിച്ച എം.വേലായുധൻ സ്മാരകമായി താഴത്തെ നില അറിയപ്പെടും. അമ്പത് വർഷം പൂർത്തിയാകുന്ന ഡിസംബറിൽ കെട്ടിടം ഉദ്ഘാടനത്തിന് ഒരുക്കാനാണ് ഉദ്ദേശം . നിർമ്മാണ ജോലികളിലും മറ്റും സഹായിക്കാൻ മുൻകാല എസ്. എഫ്. ഐ പ്രവർത്തകരും രംഗത്തുണ്ട്. രാജ്യത്ത് ആദ്യമായാണ് കുട്ടികൾ കൂലിവേല ചെയ്ത് ജില്ലാ കമ്മിറ്റി ഓഫീസ് പണിയുന്നത്.