renuka
രേണുക

കൽപ്പറ്റ: കൂരയിലെ ഗാനകോകിലം ഇനി സിനിമയിൽ പാടും. മാനന്തവാടി കോൺവെന്റ് കുന്ന് പണിയ കോളനിയിലെ മണിയുടെയും രമ്യയുടെയും മകളായ രേണുകയാണ് സിനിമയിലെ പാട്ടുകാരിയാവുന്നത്. സംവിധായകനായ വയനാട് സ്വദേശി മിഥുൻ മാനുവൽ തോമസ് തന്റെ അടുത്ത ചിത്രത്തിൽ പാടാൻ രേണുകയെ ക്ഷണിച്ചു കഴിഞ്ഞു. രേണുക പാടിയ 'തങ്കത്തോണി തെൻമലയോരം....' എന്ന ഗാനം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് സിനിമയിലേക്കുള്ള വാതിൽ തുറന്നത്. ജൂലായ് രണ്ടിന് പോസ്റ്റ് ചെയ്ത വീഡിയോ അഞ്ച് ലക്ഷത്തോളം പേരാണ് കണ്ടത്. പിന്നീട് 'രാജഹംസമേ.....'എന്ന ഗാനവും ഈ പത്താം ക്ളാസുകാരി പാടി വൈറലാക്കി. ഗായകനായ അച്ഛൻ മണിയെ തേടി വയനാട്ടിലെ സംഗീജ്ഞൻ ജോർജ് കോര എത്തിയതോടെയാണ് രേണുകയുടെ ഭാഗ്യം തെളിയുന്നത്. ഫെയ്സ് ബുക്ക് പേജായ എൽസ മീഡിയയ്ക്കുവേണ്ടി മണിയെകൊണ്ട് പാടിക്കാനായിരുന്നു കോരയുടെ ഉദ്ദേശം. പക്ഷെ, കോളനിയിലൊരുക്കിയ സ്റ്റുഡിയോയിലിരുന്ന് രേണുക പാടിയ 'രാജഹംസമെ.. തങ്കത്തോണി.'എന്നീ ഗാനങ്ങൾ കേരളക്കര ഏറ്റെടുക്കുകയായിരുന്നു. രാജഹംസമെ ഷെയർ ചെയ്തവരുടെ കൂട്ടത്തിൽ സംവിധായകനായ മിഥുൻ തോമസും ഉണ്ടായിരുന്നു. സിനിമയിൽ പാടാൻ അവസരം വന്നതോടെ ക‌ർണാടക സംഗീതം പഠിക്കാനുള്ള ഒരുക്കത്തിലാണ് ഈ കൊച്ചുമിടുക്കി. മാനന്തവാടി ശ്രീരഞ്ജിനി മ്യൂസിക്ക് സ്കൂളിലെ തോമസ് കുഴിനിലമാണ് രേണുകയെ സംഗീതം അഭ്യസിപ്പിക്കുന്നത്.

ലോട്ടറി വിൽപ്പനക്കാരനായ രേണുകയുടെ അച്ഛൻ വാഹനാപകടത്തിൽ പരിക്കേറ്റ് കിടപ്പിലാണ്. അമ്മ രമ്യ കൂലിവേല ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. സഹോദരി രത്ന മാനന്തവാ‌ടി എൽ.എഫ്.യു.പിയിലെ അഞ്ചാംതരം വിദ്യാർത്ഥിനിയാണ് . പയ്യമ്പളളിയിൽ സർക്കാർ വീടും സ്ഥലവും അനുവദിച്ചിട്ടുണ്ടെങ്കിലും മാനന്തവാടി വിട്ടുപോകാനുള്ള പ്രയാസത്തിലാണ് മണിയും കുടുംബവും. ലൈഫ് പദ്ധതിയിൽ ഒന്നാമനായ മണിക്ക് വീട് വയ്ക്കാൻ സഹായം നൽകിയാൽ ഇപ്പോഴുളള സ്ഥലത്ത് വീട് വച്ച് നൽകാൻ തയ്യാറാണെന്ന് നഗരസഭാ വാർഡ് കൗൺസിലറും വൈസ് ചെയർപേഴ്സണുമായ ശോഭാ രാജൻ അറിയിച്ചു.