കൽപ്പറ്റ: കോടഞ്ചേരിയിൽ നിയമാനുസൃതം കാട്ടുപന്നിയെ വെടിവച്ചു കൊന്ന കർഷകന് തോക്ക് ഉപയോഗിക്കാനുള്ള അനുമതി റദ്ദാക്കിയതിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ താമരശ്ശേരി ബിഷപ്പും ഇൻഫോം ദേശീയ രക്ഷാധികാരിയുമായ റെമിൻജിയോസ് ഇഞ്ചനാനിയാലിനും കർഷകർക്കുമെതിരെ കേസെടുത്തത് നീതീകരിക്കാനാവില്ലെന്ന് കാർഷിക പരോഗമന സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. ന
താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയെ ചൊല്ലിയാണ് കേസ്. ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് നിവേദനം നൽകാനാണ് ബിഷപ്പ് ഓഫീസിൽ എത്തിയത്. നിവേദനം നൽകി പുറത്തിറങ്ങിയ ബിഷപ്പ് പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തിട്ടില്ല. മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുക മാത്രമേ ചെയ്തുള്ളു. അന്യായമായി സംഘം ചേർന്നതിനും പൊതുജനങ്ങൾക്ക് മാർഗതടസം സൃഷ്ടിച്ചതിനും ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ചതിനുമാണ് കേസെടുത്തത്. ഇത് അംഗീകരിക്കാൻ കഴിയില്ല.
പ്രതിഷേധയോഗത്തിൽ സമിതി രക്ഷാധികാരി ബിഷപ്പ് ഡോ.ജോസഫ് മാർ തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ പി.എം. ജോയ്, ബേബി കുര്യൻ,കെ.ടി അരവിന്ദാക്ഷൻ, ഡോ.പി ലക്ഷ്മണൻ, ടി.പി.ജോസഫ്, വി.പി., വർക്കി, ഗഫൂർ വെണ്ണിയോട്, വി. എം. വർഗീസ്, കരിപ്പാലി അഷറഫ്, ജയൻ പ്രഭാകർ, എ. എസ്. സനൽഘോഷ്, ടി.മുഹമ്മദ്, സി.കെ.മാടമ്പി തുടങ്ങിയവർ സംസാരിച്ചു.