dde

കൽപ്പറ്റ: കസേരകളി നീളുന്നതിനിടെ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ (ഡി.ഡി.ഇ) സീറ്റിൽ സ്ഥിരമായി ആളില്ലെന്ന അവസ്ഥ തുടരുന്നു. ഇപ്പോൾ അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റിനാണ് (എ.എ) ഭരണച്ചുമതല.

കഴിഞ്ഞ ഏഴു മാസത്തിനിടയിൽ നാലു പേർ മാറിമാറി വന്നു. പിന്നെ ആരുമില്ലെന്നായി. അതോടെ ഡി.ഡി.ഇ ഓഫീസ് ഭരിക്കേണ്ടയാൾക്ക് ഉപഡയറക്ടറുടെ ചുമതല കൂടി വഹിക്കുകയാണ്.


ഡി.ഡി.ഇ ഇബ്രാഹിം തോണിക്കര ജനുവരിയിൽ ലീവിൽ പോയതിനെ തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കായിരുന്നു ഡി.ഡി.ഇ യുടെ അധികച്ചുമതല. ഡി.ഇ.ഒ എറണാകുളം ഡി.ഡി.ഇ യായി സ്ഥാനക്കയറ്റം ലഭിച്ച് മാറിയതോടെ ഡി.ഡി.ഇ, ഡി.ഇ.ഒ തസ്തികകൾ ഒഴിഞ്ഞുകിടന്നു.


അതിനിടെ, രണ്ടു സീറ്റിലേക്കും ആളെ നിയമിച്ചതാണ്. ചുമതല ഏറ്റെടുത്ത ഉടനെ സമീപ ജില്ലക്കാരിയായ ഡി.ഡി.ഇ അവധിയിൽ പോയതിനാൽ ചുമതല അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിനായി. ഫലത്തിൽ രേഖപ്രകാരം ഡി.ഡി.ഇയുണ്ട്. കസേരയിലില്ലെന്ന് മാത്രം.


പാഠപുസ്തക വിതരണം, ഓൺ ലൈൻ ക്ലാസ് മോണിറ്ററിംഗ്, ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതികളുടെ നിർവഹണം, പ്രധാനാദ്ധ്യാപകരുടെ ജില്ലാതല അവലോകന യോഗങ്ങൾ, കുട്ടികൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണാവലോകനം, കൊവിഡ് ഡ്യൂട്ടിയ്ക്ക് ലിസ്റ്റ് തയ്യാറാക്കൽ, അദ്ധ്യാപകജീവനക്കാരുടെ അപ്പീൽ ഫയലുകളിൽ തീർപ്പ് കൽപ്പിക്കൽ, വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഏകോപനം, എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷാഫലങ്ങളുടെ അവലോകനം തുടങ്ങി പലതുമുണ്ട് ഡി.ഡി.ഇ യുടെ ചുമതല. പൂർണസമയ ഡി.ഡി.ഇ യുടെ അഭാവത്തിൽ ഇവയിൽ പലതിന്റെയും കാര്യം താളം തെറ്റിയ നിലയിലാണ്.


മുൻവർഷവും ഇതായിരുന്നു അവസ്ഥ. അദ്ധ്യാപക സംഘടനകൾ നിരന്തരം ശബ്ദമുയർത്തിയതിനെ തുടർന്നാണ് ഡി.ഡി.ഇയെ നിയമിച്ചത്. ഈ അദ്ധ്യയന വർഷാരംഭത്തിലെ പ്രാരംഭപ്രവർത്തനങ്ങളും മുടങ്ങിയിരുന്നു.

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ അധികച്ചുമതല സാധാരണ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കാണ് നൽകുക പതിവ്. ഇവിടെ പക്ഷേ, പതിവ് തെറ്റി. സമീപജില്ലക്കാരനായ ചുമതലക്കാരൻ ലീവിൽ പോവുമ്പോൾ കീഴുദ്യോഗസ്ഥന് ചുമതല നൽകുകയാണ്.