കൽപ്പറ്റ: കൊവിഡ് ബാധിച്ച് മരിച്ച തലശേരിക്കാരിയെ കബറടക്കാൻ അനുമതി നൽകി വയനാട്ടിലെ വാരാമ്പറ്രക്കാരുടെ നല്ല മാതൃക. ബംഗളൂരുവിൽ നിന്നും സ്വന്തം നാടായ കണ്ണൂരിലെ തലശേരിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടു പോകുംവഴി സുൽത്താൻ ബത്തേരിയിൽ വച്ചു മരിച്ച പി.കെ. ലൈലയെയാണ് (61) വാരാമ്പറ്റയിൽ കബറടക്കിയത്. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌ക്കാരച്ചടങ്ങുമായി ബന്ധപ്പെട്ട് കോട്ടയത്തുണ്ടായ വിവാദങ്ങളുടെ അലയൊലികൾ അവസാനിക്കും മുമ്പാണ് വാരാമ്പറ്റക്കാർ സഹജീവി സ്നേഹത്തിന്റെ നല്ല പാഠം കാട്ടിത്തന്നത്. ഈ സംഭവത്തെക്കുറിച്ച് ഹരിതകേരളം മിഷൻ ജില്ലാ കോ ഒാർഡിനേറ്റർ ഇ.സുരേഷ് ബാബു ഫേസ് ബുക്കിലിട്ട കുറിപ്പ് വൈറലായി.
സുരേഷ് ബാബുവിന്റെ കുറിപ്പിൽ നിന്നും: ശനിയാഴ്ച രാവിലെ 11 മണിയോടെ ഞാനും എ.ഡി.എം മുഹമ്മദ് യൂസുഫും കൊവിഡ് ഫീൽഡ് പരിശോധനയ്ക്ക് ഇറങ്ങാനൊരുങ്ങുമ്പോൾ കളക്ടർ അദീലാ മാഡത്തിന്റെ കാൾ .... കർണാടകയിൽ നിന്നു തലശേരിക്കു വരികയായിരുന്ന ഒരു വ്യക്തി സുൽത്താൻ ബത്തേരിയിൽ മരണപ്പെട്ടു. പരിശോധനയിൽ കൊവിഡ് പോസിറ്റീവ്. മരണം ഇവിടെ നിന്നായതിനാൽ ഇവിടെത്തന്നെ സംസ്‌കരിക്കേണ്ടിവരും. ഞങ്ങൾ ദ്രുതഗതിയിൽ നടപടി തുടങ്ങി. എ.ഡി.എം മരണപ്പെട്ട വ്യക്തിയുടെ മകനെ വിളിച്ചു. തലശ്ശേരിക്ക് എത്തിക്കുന്നതിന് ബുദ്ധിമുട്ടായിരിക്കും. ഇവിടെത്തന്നെ സംസ്‌കരിക്കേണ്ടി വരുമെന്ന് അറിയിച്ചു. പടിഞ്ഞാറത്തറ അവരുടെ ഒരു മകനുണ്ടെന്നും അവിടെ കർമം ചെയ്യാമെന്നും പറഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ച ഒരാളുടെ ശരീരം സംസ്‌കരിക്കണമെന്ന് ഒരു പ്രദേശത്തോട് പറയുമ്പോൾ, അതും മറ്രൊരു നാട്ടുകാരിയുടെ. പ്രാദേശിക വികാരം എന്തായിരിക്കുമെന്നാലോചിച്ച് ആശങ്കയായി. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്, സംസ്‌കാരം നടക്കേണ്ട വാരാമ്പറ്റ മഖാം പള്ളി സ്ഥിതി ചെയ്യുന്ന വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് എന്നിവരുമായി ബന്ധപ്പെട്ടു. ജനപ്രതിനിധികളെല്ലാവരും തയ്യാർ. മഹല്ല് കമ്മിറ്റിയും തഹസിൽദാരും വല്ലേജ് ഓഫീസറും മെഡിക്കൽ ഓഫീസറും നാട്ടുകാരും ഏക മനസോടെ സംസ്‌കാരച്ചടങ്ങുകൾക്ക് വേണ്ട ഒരുക്കം തുടങ്ങി. ഐ.ആർ.ഡബ്ല്യു എന്ന സന്നദ്ധ സംഘടന മൃതശരീരം സംസ്‌കരിക്കുന്നതിന് നേതൃത്വം നൽകി. 7 മണയോടെ മൃതശരീരം എത്തിച്ച് ഒരു നാടിന്റെ നിശബ്ദ പ്രാർത്ഥനയോടെ സംസ്‌കാരച്ചടങ്ങുകൾ പൂർത്തിയാക്കി. കൊവിഡ് പോസിറ്റീവ് ആയ മറ്രൊരു നാട്ടുകാരിയുടെ മൃതദേഹം ആദരവോടെ ഏറ്റുവാങ്ങി ഇവിടെ സംസ്‌കരിക്കാൻ തയ്യാറായ എല്ലാവർക്കും ബിഗ് സല്യൂട്ട്.